പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സാപ്രതിസന്ധി-
കരിമ്പം.കെ.പി.രാജീവന്-
പരിയാരം: പ്രമുഖ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, പലരും രാജിക്കൊരുങ്ങുന്നതായി സൂചന.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയാണ് പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരിക്കുന്നത്.
ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ഷെരീഫ്, ഡോ.ഭട്ട്, ഗ്യാസ്ട്രോ വിഭാഗത്തിലെ ഡോ.സന്ദീപ്, നെഫ്രോളജിയിലെ ഡോ. ഇഖ്ബാല്‍ എന്നിവരാണ് രാജിവെച്ചത്.
നേരത്തെ നെഫ്രോളജി വിഭാഗത്തില്‍ നിന്ന് ഡോ.ബിജോയ്, കാര്‍ഡിയോളജിയില്‍ നിന്ന് ഡോ.പ്ലാസിഡ് സെബാസ്റ്റ്യന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
നെഞ്ചുരോഗ വിദഗ്ദ്ധൻ ഡോ.ആർ.രാജീവ്, ഇ എൻ.ടി.യിലെ ഡോ. ലതാ മേരി ജോസ് എന്നിവരും രാജിവെച്ച് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് ചേർന്നിട്ടുണ്ട്. ഇത് കൂടാതെ പത്തോളം ഡോക്ടർമാരും രാജി നൽകിയിട്ടുണ്ട്.
ഡോ.സന്ദീപ് തലശേരിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ചാര്ജെടുത്തുകഴിഞ്ഞു. ഡോ.മുഹമ്മദ് ഇഖ്ബാല്‍ വിദേശത്തേക്കാണ് പോയിരിക്കുന്നത്.
ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന നെഫ്രോളജിയിലേക്ക് ആശുപത്രി അധികൃതര്‍ പ്രത്യേക താല്പര്യമെടുത്ത് കഴിഞ്ഞ ദിവസം ഡോ.ധനിന് ചുമതലയേറ്റത് ആശ്വാസമായിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങള്‍ ആവശ്യത്തിലധികമുണ്ടെങ്കിലും വിദഗ്ദ്ധരായ ഡോക്ടര്‍മാരില്ലാത്തത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ്.
സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ഇല്ലാത്തതും ഉന്നതങ്ങളില്‍ നിന്നുള്ള പീഡനങ്ങളും സമ്മര്‍ദ്ദങ്ങളും വര്‍ദ്ധിച്ചതുമാണ് ഡോക്ടര്‍മാരുടെ രാജിക്ക് കാരണമെന്നാണ് സൂചന.
ഇ.എന്‍.ടി, മെഡിസിന്, സര്‍ജറി, യൂറോളജി, കാര്‍ഡിയോളജി തുടങ്ങി നിരവധി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രാജിവെക്കാനുള്ള ഒരുക്കത്തിലാണ്.
ചിലര്‍ രാജിക്കത്ത് നല്‍കിയതായും വിവരമുണ്ട്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ
സ്ഥലംമാറ്റത്തിലൂടെ നിയമിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യവേദി കണ്‍വീനല്‍ എസ്.ശിവസുബ്രഹ്മണ്യന് ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുന്ന ഉന്നതന്മാര് ഒരിക്കലും നടക്കാത്ത കോടികളുടെ വികസനത്തെപ്പറ്റി മാത്രമാണ് പറയുന്നതെന്നും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധരായ ഡോക്ടര്‍മാരെ എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ അഭാവത്തിന് പുറമെ പഴക്കംചെന്ന ചികില്‍സാ ഉപകരണങ്ങള്‍ പണിമുടക്കുന്നതും മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.