ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്‌കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അദ്ധ്യാപികയാണ്.നാല് പേരുടെയും മൃതശരീരം മെഡിക്കല്‍ കോളജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയിട്ടുള്ളത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.

സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടില്‍ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയല്‍വാസികളാണ് വിവരം തിരക്കിയെത്തിയത്. ജീവനൊടുക്കാന്‍ തക്ക സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.