ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയില്‍ പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍
ധര്‍മ്മശാല: ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയിലായതു കാരണം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍.

ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഒന്‍പത് വീട്ടുകാരാണ് ഇതു കാരണം ഒരു മാസത്തിലധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത്.
വയോജനങ്ങളും അസുഖ ബാധിതരും ഉള്ള വീട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത്. വീതിയുള്ള ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മൂടാത്തതു കാരണം വീട്ടിലേക്കുളള പ്രവേശം പോലും അസാധ്യമായി.
ഇരുചക്ര വാഹനവും നാലുചക്ര വാഹനവും സ്വന്തമായുള്ള ഇവിടത്തെ ചില വീട്ടുകാര്‍ പാര്‍ക്കിങ്ങിനായി മറ്റ് വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഓവുചാലിന് സമാന്തരമായ റോഡില്‍ മണ്ണിട്ട് നികത്തുന്നതും പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
മഴക്കാലം വരാനിരിക്കെ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചത് പരിസരവാസികളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നഗരസഭ അധികൃതരെയും ജനപ്രതിനിധികളെയും നേരില്‍ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും പരിഹാരമായില്ലെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു.
