വിവാദ ധനകാര്യ സ്ഥാപനത്തില്‍ നിന്നും തളിപ്പറമ്പ് നഗരസഭ ഒരു കോടി രൂപ പിന്‍വലിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിന് തടയിടാന്‍ നീക്കം.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖകള്‍ ധനകാര്യ സ്ഥാപനത്തില്‍ ഹാജരാക്കി പണം പിന്‍വലിക്കാനുള്ള നീക്കം നഗരസഭ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം മുഴുവനായി പിന്‍വലിക്കാനുള്ള ആലോചനകളും നഗരസഭ ആരംഭിച്ചതായാണ് വിവരം.

3 കോടിയോളം രൂപയുടെ നിക്ഷേപമാണ് നഗരസഭക്ക് ഇവിടെയുള്ളത്.

ഇതില്‍ നിന്ന് ഒരു കോടി രൂപ കനറാ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം.

അടുത്തകാലത്ത് ഈ സ്ഥാപനത്തേക്കുറിച്ച് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്.

രണ്ട് ജീവനക്കാര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും ഇവരെ രക്ഷപ്പെടുത്താനാണ് സ്ഥാപനവും അതിന്റെ ഭരണാധികാരികളും ശ്രമിച്ചത് എന്ന വാര്‍ത്ത പുറത്തുവന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

നഗരസഭാ ധനകാര്യസ്ഥിരം സമിതിയുടെ
ഐകകണ്‌ഠേനയുള്ള തീരുമാനപ്രകാരമാണ് വിവാദ സ്ഥാപനത്തില്‍ നിന്നും പണം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഒരു കാലത്ത് ജില്ലയിലെ മികച്ച സഹകരണ ധനകാര്യ സ്ഥാപനമായിരുന്നു ഇത്.

എന്നാല്‍ ഇപ്പോള്‍ നിക്ഷേപത്തില്‍ നിന്നും പണമെടുത്ത് ശമ്പളം നല്‍കേണ്ട അവസ്ഥയിലായ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നിരവധി പേര്‍ നിക്ഷേപം പിന്‍വലിക്കുന്നുണ്ടെന്നാണ് വിവരം.

സ്ഥിരം നിക്ഷേപമായതിനാല്‍ എസ്.ബി.അക്കൗണ്ട് വഴി പിന്‍വലിക്കേണ്ടതിനാല്‍ ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

നിക്ഷേപം പിന്‍വലിക്കാനുള്ള ഉറച്ച നിലപാടിലാണ് നഗരസഭ എന്നാണ് വിവരം.

അതിനിടെ സ്ഥാപന ഭരണാധികാരികളില്‍ ചിലര്‍ മൂല്യംകുറഞ്ഞ ഭൂസ്വത്ത് പണയപ്പെടുത്തി വലിയ തുക ലോണ്‍ വാങ്ങിയത് സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.