വരത്തന്‍ നേതാക്കള്‍ക്കെതിരെ-ശക്തമായ നിലപാടുകളുമായി തളിപ്പറമ്പിലെ വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസിലെ വരത്തന്‍ നേതൃത്വത്തിനെതിരെ വിശാലനീക്കവുമായി തളിപ്പറമ്പിലെ വലിയ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍.

തങ്ങളെ അവഗണിച്ച് തളിപ്പറമ്പിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത ചിലരെ നേതൃത്വം കുടിയിരുത്തിയതിനെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളില്‍ റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

തളിപ്പറമ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗത്തെ മാറ്റനിര്‍ത്തി സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് തളിപ്പറമ്പിലേക്ക് വന്ന ചിലര്‍ക്ക് പാര്‍ട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും യോഗം ഏകകണ്ഠമായി നിശ്ചയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഇവരെ ബന്ധപ്പെടുകയും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്തുവെങ്കിലും വരത്തന്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണം ഇത് നടക്കാതെ പോയതോടെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി വിശാലമായ തലത്തില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചേര്‍ക്കുന്നതിനെതിരെ പരിതപിക്കുന്നവര്‍ എന്തുകൊണ്ട് തങ്ങളുടെ ഭാഗത്തെ വോട്ടുകള്‍ കൃത്യമായി ചേര്‍ക്കാനും തെരഞ്ഞെടുപ്പിന് മുമ്പായി സജീവമാകാനും തയ്യാറാവുന്നില്ല എന്നാണ് വിമത വിഭാഗം ചോദിക്കുന്നത്.

വരത്തന്‍ നേതൃത്വത്തിന്റെ നീക്കങ്ങള്‍ തളിപ്പറമ്പിലെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുത്തുന്നതിലേക്കാണ് പോകുന്നതെന്നും, അങ്ങനെ സംഭവിച്ചാല്‍ വരത്തന്‍മാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും നേതാക്കള്‍ പറഞ്ഞു.

അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അത് അനുഭവിച്ചറിയാമെന്നും ഈ വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു.