അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം-എല്ലാം പൂര്‍ത്തീകരിച്ചിട്ടും വാട്ടര്‍ അതോറിറ്റി മാത്രം കനിയുന്നില്ല.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: എല്ലാം റെഡിയായിട്ട് ആറ് മാസം കഴിഞ്ഞു, ജല അതോറിറ്റി മാത്രം കനിയുന്നില്ല.

കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്.

2020 മുതല്‍ പ്രദേശവാസികള്‍ ഇതിനായി വാടാതെ പിന്നിലുണ്ടായിരുന്നു.

തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് വരെ ഗാന്ധിനഗര്‍ വികസനസമിതി ചെയര്‍മാന്‍ റിട്ട.എ.ഡി.എം എ.സി.മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ മാരത്തോണ്‍ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചത്.

ഇവിടേക്ക് വെള്ളമെത്തിക്കാന്‍ 900 മീറ്റര്‍ നീളത്തില്‍ ജി.ഐ പൈപ്പ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തു.

2 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. ടാങ്ക് നിര്‍മ്മിക്കാനുള്ള 16 സെന്റ് ഭൂമി ചവനപ്പുഴ മുണ്ടോട്ട് ഇല്ലംവകയുള്ള മിച്ചഭൂമിയില്‍ നിന്നാണ് റവന്യൂവകുപ്പ് അനുവദിച്ചത്.

ഇതിനെതിരെ ഇല്ലം അധികൃതര്‍ ഹൈക്കോടതിയില്‍ വരെ കേസിന് പോയിരുന്നു.

ഗാന്ധിനഗര്‍ വികസനസമിതി കേസില്‍ കക്ഷിചേര്‍ന്ന് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കോടതി തടസം നീക്കിയത്.

സ്ഥലം എല്ലാംവര്‍ഷവും പുതുക്കാനുള്ള പാട്ടകരാറില്‍ തളിപ്പറമ്പ് നഗരസഭക്കാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ടാങ്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ മുഴുവനായും പൂര്‍ത്തീകരിച്ചു.

കൂനം-കാഞ്ഞിരങ്ങാട്-ആടിക്കുംപാറ മെയിന്‍ പൈപ്പ്‌ലൈനില്‍ നിന്നും ഈ ടാങ്കിലേക്ക് കണക്ഷന്‍ നല്‍കാന്‍ അഞ്ച് മീറ്ററോളം നീളത്തില്‍ കണക്ഷന്‍ പൈപ്പ് മാത്രമേ ഇനി സ്ഥാപിക്കാന്‍ ബാക്കിയുള്ളൂ.

മഴക്ക് മുമ്പായി ഈ പ്രവൃത്തികൂടി പൂര്‍ത്തീകരിക്കുമെന്് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഗാന്ധിനഗര്‍ വികസനസമിതിക്ക് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും മാസം ആറായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.

ഇനി ഏതായാലും മഴ കഴിയട്ടെ എന്ന നിലപാടിലാണേ്രത വാട്ടര്‍ അതോറിറ്റി.

നഗരസഭ പ്രദേശത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഒറ്റപ്പാലകുന്നില്‍ നിര്‍മ്മിച്ച ടാങ്കിന് സമീപത്തേക്ക് പൊതുറോഡ് ഇല്ലാത്തതും വലിയ ന്യൂനതയാണ്.

ടാങ്ക് നിര്‍മ്മാണസാമഗ്രികളെത്തിക്കാന്‍ തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ സ്ഥലം ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും പണി പൂര്‍ത്തീകരിച്ചതോടെ അത് ഇപ്പോള്‍ അടച്ചിരിക്കയാണ്.

അതിനിടെ ഈ വര്‍ഷത്തെ കടുത്ത വേനലും കടന്നുപോയി. അടിയന്തിരമായി നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ളം എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗാന്ധിനഗര്‍ വികസനസമിതി.