തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, രോഗികള്‍ ദുരിതത്തില്‍. മെഡിസെപ്പ്, ട്രെബല്‍, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതികളില്‍ മരുന്നുവിതരണം പൂര്‍ണമായി നിലച്ചു.
ഈ സ്‌കീമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറമെ നിന്ന് വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍.
ഫണ്ട് ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ തുക അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മെഡിസെപ്പ് സ്‌കീമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെ ബന്ധുക്കള്‍ ഇതിന്റെ പേരില്‍ ബഹളംവെക്കുകയും ആരോഗ്യവകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ പരാതിനല്‍കിയെന്നുമാണ് വിവരങ്ങള്‍.
മരുന്ന് വിതരണം ചെയ്യാന്‍ കരാറെടുത്ത സ്വകാര്യ മെഡിക്കല്‍ ഷോപ്പിന് കുടിശ്ശിക നല്‍കാത്തതിനാല്‍ അവര്‍ മരുന്നുവിതരണം നിര്‍ത്തിവെച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
ആശുപത്രിസൂപ്രണ്ട് വിചാരിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം സങ്കീര്‍ണമാക്കി നീട്ടിക്കൊണ്ടുപോകുന്നതില്‍ ദുരൂഹതകളുണ്ടെന്നാണ് സൂചന.
ഫണ്ട് ആവശ്യത്തിന് ലഭ്യമായിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സമയത്ത് ഭരണകക്ഷിക്ക് എതിരായ വികാരമായി ഇത് മാറ്റിയെടുക്കാനുള്ള ഗൂഡതന്ത്രം ഇതിന് പിറകിലുണ്ടോ എന്ന സംശയവും ബലപ്പെട്ടുവരുന്നുണ്ട്.