കളകട്രേറ്റ് പരിസരം ഇനി എന്ന് ഗാന്ധി സര്‍ക്കിളാവും- കാള്‍ടെക്സില്‍ നിന്ന് എന്നെങ്കിലും ഒരു മോചനമുണ്ടാകുമോ-?
കണ്ണൂര്‍: ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു വിദേശ പെട്രോളിയം കമ്പനിയുടെ പേരില്‍ കണ്ണൂര്‍ നഗരമധ്യത്തില്‍ ഒരു പ്രദേശം.

ഈ പേര് ഒഴിവാക്കാനുള്ള അധികൃതരുടെ ശ്രമം ഫലവത്തായില്ല.
കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം ബസുകളെത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുന്ന പേരാണ് കാള്‍ടെക്സ്–കാള്‍ടെക്സ്- എന്താണീ കാല്‍ടെക്സ്?
1976 ന് ശേഷം ജനിച്ചവരില്‍ ഈ പേരിനെപ്പറ്റി അറിയാവുന്നവര്‍ പരിമിതമായിരിക്കും.
49 വര്‍ഷം മുമ്പ്, അതായത് 1976 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കാലിഫോര്‍ണിയയിലും ടെക്സാസിലെ ഹൂസ്റ്റണിലും വേരുകളുള്ള ഒരു പെട്രോളിയം കമ്പനിയുടെ പേരില്‍ അറിയപ്പെടാനാണ് ഈ പ്രദേശത്തിന്റെ വിധി.
അടിയന്തിരാവസ്ഥയുടെ മൂര്ദ്ധന്യകാലത്താണ് വിദേശ പെട്രോളിയം കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കേണ്ടെന്ന അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി സി.സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനപ്രകാരമാണ് 1976 ല്‍ കാള്‍ടെക്സ് ഓയില്‍ റിഫൈനറി ലിമിറ്റഡ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് നിയന്ത്രണത്തിലാക്കിയത്.
പിന്നീട് വന്ന മൊറാര്‍ജി മന്ത്രിസഭയിലെ ധനകാര്യമന്ത്രി എച്ച്.എം.പട്ടേല്‍ 1978 ല്‍ കാല്‍ടെക്സ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ലയിപ്പിച്ചു.
നേരത്തെ കാള്‍ടെക്സ് പെട്രോള്‍പമ്പ് നിലനിന്ന സ്ഥലത്ത് ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ പെട്രോള്‍ പമ്പാണുള്ളത്.
ഈ പ്രദേശം ഒരു വിദേശ സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഒഴിവാക്കാനാണ് 10 വര്‍ഷം മുമ്പ് ഇവിടെ മഹാത്മഗാന്ധിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് ഗാന്ധി സര്‍ക്കിള്‍ എന്ന് പേര് നല്‍കിയത്.
പക്ഷെ, ഔദ്യോഗിക രേഖകളില്‍ പോലും കാള്‍ടെക്സ് ജംഗ്ഷന് എന്ന് പറഞ്ഞുകൊണ്ടിരിക്കെ പ്രദേശം എങ്ങിനെ ഗാന്ധി സര്ക്കിളാവുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഗാന്ധിപ്രതിമ സ്ഥാപിച്ച സ്ഥലത്ത് ഗാന്ധി സര്‍ക്കിള്‍ എന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോര്‍ഡ് സര്‍ക്കിളിലെ ഒരുചെമ്പകമരത്തിനിടയില് ഒളിച്ച നിലയിലാണിപ്പോള്‍.
ആളുകള്‍ക്ക് കാണാന്‍ പാകത്തില്‍ ഈ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും പി.ആര്.ഡി ഉള്‍പ്പെടെ ഔദ്യോഗികമായി നല്കുന്ന അറിയിപ്പുകളില്‍ ഗാന്ധിസര്‍ക്കിള്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്താല്‍ ക്രമേണ ഈ വൈദേശിക പേര് മാറ്റിയെടുക്കാന്‍ കഴിയുമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ അതിന് ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം.
സര്‍ക്കിളിന് മധ്യഭാഗത്തായി രാത്രിയിലും തെളിഞ്ഞുകാണുന്ന വിധത്തില്‍ ഗാന്ധിസര്‍ക്കിള്‍ എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും, ഇക്കാര്യം കോര്പറേഷന് സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
