പയ്യന്നൂര്‍ സൗഹൃദവേദി പുരസ്‌ക്കാരം സി.വി.ബാലകൃഷ്ണനും എം.ടി.അന്നൂരിനും സജേഷ് കൃഷ്ണനും.

പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്, ഷാര്‍ജ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്ന ആറാമത് ജി.ഇ. സുധാകരന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മലയാളസാഹിത്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന് സാഹിത്യപുരസ്‌കാരവും നാടകലോകത്തെ അമൂല്യസംഭാവനകള്‍ക്ക് എം.ടി.അന്നൂരിന് നാടകപുരസ്‌കാരവും ശാരീരിക പരിമിതികളെ അതിജീവിച്ച് കായികലോകത്തെ ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് സജേഷ് കൃഷ്ണന് കായിക പുരസ്‌കാരവും നല്‍കുമെന്ന് സൗഹൃദവേദി സ്ഥാപക ജനറല്‍ സെക്രട്ടറി രമേഷ് പയ്യന്നൂര്‍ വാര്‍ത്ത സമ്മേളനത്തില്‍അറിയിച്ചു.

പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് മൂന്നു പുരസ്‌കാരങ്ങളും.

ഡിസംബര്‍ 27-ന് ഉച്ചക്ക് മൂന്നു മണിക്ക് പയ്യന്നൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ടി.ഐ.മധുസൂദനന്‍ എം.എല്‍.എ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ എ.വി മാധവപ്പൊതുവാള്‍ മുഖ്യാതിഥി ആയിരിക്കും.

ചടങ്ങില്‍ വെച്ച് പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും മികവ് നേടിയ പയ്യന്നൂര്‍ സൗഹൃദവേദി അംഗങ്ങളുടെ കുട്ടികളെ എ.ഇ.ഒ ടി.വി.സുചിത്ര ആദരിക്കും.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പ്രിയേഷ് എ.ഐ കാലത്തെ സാമൂഹിക ജീവിതം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ ജി.ഇ.സുധാകരന്റെ പത്‌നി അനിത, സൗഹൃദവേദി ജോ.സെക്രട്ടറി ബബിത നാരായണന്‍, സൗഹൃദവേദി പ്രവര്‍ത്തകരായ രവി കരിച്ചേരി, സുനില്‍ നരിക്കോട്ട് എന്നിവരും പങ്കെടുത്തു.