തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2026-31 കാലഘട്ടത്തേക്കുള്ള ഭരണസമിതിയുടെ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിനന്ദനവും പിന്തുണയും അറിയിച്ചുകൊണ്ട് വ്യാപാരി നേതാക്കളായ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ ചെയര്‍പേഴ്‌സനെ സന്ദര്‍ശിച്ചത്.

വികസിച്ചുവരുന്ന തളിപ്പറമ്പ് പട്ടണത്തില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ ഉപജീവനത്തിനും പൊതുജനങ്ങള്‍ക്ക് പട്ടണത്തില്‍ വന്ന് സുഗമമായി തിരികെ പോകുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചാല്‍ മാത്രമേ തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലത്തെ തളിപ്പറമ്പായി നമുക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യാപാരി നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമായി ശാസ്ത്രീയമായ രീതിയിലുള്ള പാര്‍ക്കിംഗ്,
പൊതുജനങ്ങള്‍ക്ക് ആധുനിക ശൗചാലയം,പട്ടണത്തിലെ ഗതാഗത നിയന്ത്രണം അനധികൃത കച്ചവടം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ നഗരത്തിന്റെ ഇന്നത്തെ ദുരിതാവസ്ഥക്ക് പരിഹാരം കാണാനാവും.

അടിസ്ഥാനപരമായ വികസനത്തിന്റെയും സൗകര്യത്തിന്റെയും കാതലായ ഈ വിഷയങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രതാപ കാലത്തേക്ക് തളിപ്പറമ്പിനെ നമുക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടാവുമെന്നും വ്യാപാരി നേതാക്കള്‍ അറിയിച്ചു.