30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല.
തളിപ്പറമ്പ്: നാല് മാസം പിന്നിട്ടിട്ടും 30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല.

തളിപ്പറമ്പ് ദേശീയപാതയോരത്താണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മാസം അഞ്ചാവാറായിട്ടും പണി ഇപ്പോഴും പാതിവഴിയിലാണ്.
ആഗസ്ത്-18 നാണ് പഴയ ഷെല്‍ട്ടര്‍പൊളിച്ചുമാറ്റിയത്. 2006-11 കാലഘട്ടത്തില്‍ തളിപ്പറമ്പ് എം.എല്‍.എയായിരുന്ന സി.കെ.പി.പത്മനാഭന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റിയ ബസ് ഷെല്‍ട്ടര്‍ പണിതത്.
ദേശീയപാതയോരത്ത് അന്ന് ബസ് കാത്തുനില്‍ക്കുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സി.കെ.പി.പത്മനാഭന്‍ മുന്‍കൈയെടുത്ത് ഷെല്‍ട്ടര്‍ പണിതത്.
ഇപ്പോള്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ മൂന്ന് കോടി രൂപയുടെ പുതിയ പദ്ധതി തളിപ്പറമ്പില്‍ നടപ്പിലാക്കുന്നുണ്ട്.
അതിന്റെ മുന്നോടിയായിട്ടാണ് കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണ ജോലി ഏറ്റെടുത്തിരുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ നിര്‍മ്മാണ കമ്പനിക്ക് അത്രയും കാലമായിട്ടും ഷെല്‍ട്ടറിന്റെ പണി പൂര്‍ത്തീകരിക്കാനാവാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പണി നീണ്ടുപോയപ്പോള്‍ പുതുവല്‍സര സമ്മാനമായി വെയിറ്റിംഗ് ഷെല്‍ട്ടര്‍ തുറന്നുകൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
മേല്‍ക്കൂരയില്‍ ഷീറ്റ് പതിപ്പിക്കുന്ന പണി ഇപ്പോള്‍ പാതിയായി നില്‍ക്കുകയാണ്.
ഏതാണ്ട് പകുതിയോളം പണി ബാക്കിനില്‍ക്കെ ഇനി എപ്പോഴാണ് ഇത് തുറന്നുകൊടുക്കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങളൊന്നുമില്ല.
