ആദ്യം റെഗുലേറ്റര്‍-പിന്നെയാവാം പയ്യന്നൂരിലേക്ക് കുടിവെള്ളം

-പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി

ചപ്പാരപ്പടവ്: പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കുടിവെള്ള പദ്ധതി വീണ്ടും വിവാദമാകുന്നു.

ചപ്പാരപടവ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്നു നിര്‍ത്തിവെച്ച പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്.

കൂവേരിപുഴയില്‍ കിണര്‍ നിര്‍മിച്ച് പയ്യന്നൂരിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്.

വരള്‍ച്ച ബാധിത വില്ലേജായ കൂവേരിയിലെ കുടിവെള്ള ലഭ്യത വീണ്ടും ഇല്ലാതാവും എന്നതായിരുന്നു ആശങ്ക.

നേരത്തെ ജലസേചന വകുപ്പ് മന്ത്രിയുടെയും കണ്ണൂര്‍ എംപി യുടെയും സാനിദ്ധ്യത്തില്‍ കാട്ടാംപള്ളി റെഗുലേറ്റര്‍ നിര്‍മാണത്തിന് ധാരണയായിരുന്നു.

എന്നാല്‍ റെഗുലേറ്റര്‍ നിര്‍മിക്കാതെ കുടിവെള്ള പദ്ധതി പണിപുനരാരംഭിച്ചത്തിനെതിരെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.

ഇന്ന് ചപ്പാരപടവ് പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റെഗുലേറ്റര്‍ നിര്‍മിക്കാതെ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം അനുവദിക്കില്ലെന്നു തീരുമാനിച്ചു.

യോഗത്തില്‍ എം മൈമൂനത്ത്, മനോജ്കുമാര്‍ കൂവേരി, ടി.വി.പദ്മനാഭന്‍, ഒ.പി.ഇബ്രാഹിംകുട്ടി, ജോണ്‍ മുണ്ടുപ്പാലം,

പി.വി.ബാബുരാജ്, എം.പ്രകാശന്‍, എ.പി.ഇസ്മായില്‍. പ്രൊഫ.പി. ലക്ഷ്മണന്‍, ടി. മൊയ്തു, ജിജോമങ്കര എന്നിവര്‍ പ്രസംഗിച്ചു