ഒരു വര്‍ഷം തികയും മുമ്പേ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ 25 ലക്ഷം ചെലവാക്കിയ ഓപ്പറേഷന്‍ തിയേറ്റര്‍ പൊളിച്ചുനീക്കി.

തളിപ്പറമ്പ്: കാല്‍ കോടി രൂപ ചെലവില്‍ തളിപ്പറമ്പ് നഗരസഭ ഗവ.താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച തിരിര ശസ്ത്രക്രിയ വിഭാഗം പൊളിച്ചുതള്ളി.

നഗരസഭ 2015 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ മുടക്കി വാങ്ങിയ നവീന സിയസ് ലൂറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെ 58 ലക്ഷം രൂപയാണ് പുതിയ തമിരശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷന്‍ തിയേറ്ററിന് ചെലവഴിച്ചത്.

മാര്‍ച്ച് 17 ന് ഒരു ശസത്രക്രിയ മാത്രമാണ് ഇവിടെ നടത്തിയത്.

കണ്ണ് വിഭാഗം ഡോക്ടര്‍ പ്രസവാവധിക്ക് പോയതോടെ യൂണിറ്റ് അടച്ചുപൂട്ടി.

ഒരു മാസം മുമ്പ് ഈ ആധുനിക തിയേറ്റര്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി.

മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എവിടെയോ  ചുരുട്ടിക്കൂട്ടി തള്ളി.

പൊളിക്കാന്‍ തീരുമാനിച്ച കെട്ടിടത്തില്‍ ഇത്രയും രൂപ മുതല്‍മുടക്കി ഓപ്പറേഷന്‍ തിയേറ്റര്‍ പണിയാന്‍ തീരുമാനിച്ച കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ അധികാരികളാണ് ഇതിന് ഉത്തരം പറയേണ്ടത്.

25 ലക്ഷത്തിന്റെ മൈക്രോസ്‌കോപ്പ് വാങ്ങാനും അത് ഉള്‍പ്പെടെയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ നിര്‍മ്മിക്കാനും തീരുമാനമെടുത്തവര്‍ എത്രലക്ഷം രൂപ കമ്മീഷനായി അടിച്ചുമാറ്റി എന്നതാണ് ചോദ്യം.

ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ധൂര്‍ത്തടിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇന്ന് രാവിലെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉള്‍പ്പെടയുള്ള നഗരസഭരണാധികാരികള്‍ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തായത്.

വളരെ നിസംഗമായാണ് ആശുപത്രി സൂപ്രണ്ട് ഡോ.വി.വി.ആശ ഒരു ഓപ്പറേഷന്‍ മാത്രം നടത്തിയ തിയേറ്റര്‍ പൊളിച്ചുമാറ്റിയ വിവരം നഗരസഭ ഭരണാധികാരികളെ അറിയിച്ചത്.