ലേലു അല്ലു ലേലു അല്ലു—-ഇനി കത്തിക്കൂല്ല–ഇനി കത്തിക്കൂല്ല-

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
പരിയാരം: ഇനി പ്ലാസ്റ്റിക്ക് കത്തിക്കില്ലെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതരുടെ ഉറപ്പ്.
മെഡിക്കല്‍ കോളേജിന് പിറകില്‍ കുഴിയെടുത്ത് ആശുപത്രിയിലെ പ്ലാസ്റ്റിക്ക് മാലിന്യം തുറന്നസ്ഥലത്ത് കത്തിക്കുന്നത് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട പഞ്ചായത്ത് അസി.ഡയരക്ടര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക്
നിര്‍ദ്ദേശം നല്‍കി.
സെക്രട്ടറി പ്രിന്‍സിപ്പാളിനെ ബന്ധപ്പെടുകയും സംഭവം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും രേഖാമൂലം അറിയിച്ചതോടെയാണ് ബന്ധപ്പെട്ടവര്‍ ഉറക്കമുണര്‍ന്നത്.
ഇത്തവണ നടപടികള്‍ സ്വീകരിക്കരുതെന്നും ഇനിമേലാല്‍ പ്ലാസ്റ്റിക്ക് കത്തിക്കുകയില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പുനല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി പി.രാജീവന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശം അവഗണിക്കുകയാണെന്നും ഇനിയും തുടരുന്നപക്ഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെ പുക ശ്വസിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരുമെന്ന് പ്രചാരണം നടത്തി സര്‍ക്കാരും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് ആരോഗ്യസംരക്ഷകരായ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ നിയമത്തെ കൊഞ്ഞനംകുത്തുന്നത്.
മെഡിക്കല്‍ കോളേജിന് പിറകില്‍ വലിയ കുഴിയെടുത്താണ് കുഴിയിലും പുറത്തും വെച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത്.
പുലര്‍ച്ചെമുതല്‍ നടക്കുന്ന കത്തിക്കലിന്റെ പുക പ്രദേശം മുഴുവന്‍ വ്യാപിക്കുന്നതൊന്നും ഉത്തരവാദപ്പെട്ടവര്‍ക്ക് വിഷയമേയല്ല.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്താവിഭാഗം നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് കാണാനായത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഇവിടെ കത്തിക്കുന്നത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവോ 1 ലക്ഷം രൂപ പിഴയോ രണ്ടും ചേര്‍ന്നോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് മെഡിക്കല്‍ കോളേജ് ചെയ്യുന്നത്.
പഞ്ചായത്ത് സെക്രട്ടറിക്കോ, സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനോ ഇക്കാര്യത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പരാതി നല്‍കാവുന്നതാണ്.
