പയ്യന്നൂരില്‍ പിണറായി വരുമോ? മധുസൂതനനന്‍ തുടരുമോ-യു.ഡി.എഫില്‍ ബ്രിജേഷിന് സാധ്യത.

കേരളത്തില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ട എന്ന് നിസംശയം പറയാവുന്ന മണ്ഡലമാണ് പയ്യന്നൂര്‍.

മണ്ഡലം രൂപീകരണത്തിന് ശേഷം ഇതേവരെ മറ്റൊരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് വിജയിച്ചിട്ടില്ല.

1967ലും 70 ലും കരിവെള്ളൂര്‍ സമരനായകന്‍ എ.വി.കുഞ്ഞമ്പുവാണ് വിജയിച്ചത്.

77 ലും 80-ലും എന്‍.സുബ്രഹ്മണ്യഷേണായി, 1982 ല്‍ എം.വി.രാഘവന്‍, 87 ലും 91 ലും സി.പി.നാരായണന്‍, 1996 ല്‍ പിണറായി വിജയന്‍, 2001 ലും 2006-ലും പി.കെ.ശ്രീമതി, 2011 ലും 16 ലും സി.കൃഷ്ണന്‍ എന്നിവര്‍ വിജയിച്ചു.

2021 ല്‍ ടി.ഐ.മധുസൂതനന്‍ 49,780 വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്.

പയ്യന്നൂര്‍ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പയ്യന്നൂര്‍ നിയമസഭ മണ്ഡലം.

ഇതില്‍ ചെറുപുഴ മാത്രമാണ് യു.ഡി.എഫ് ഭരണത്തിലുള്ളത്.

രാമന്തളി പഞ്ചായത്ത് നേരത്തെ യു.ഡി.എഫും ഭരിച്ചതാണ്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പയ്യന്നൂര്‍ അതിന്റെ പരിമ്പരാഗത ചുവപ്പ് അഭിമുഖ്യം കൈവിട്ടിട്ടില്ല.

പയ്യന്നൂരില്‍ ഇത്തവണ ആരായിരിക്കും

പയ്യന്നൂരില്‍ ഇത്തവണ ആരായിരിക്കും എന്ന ചോദ്യത്തിന് ടി.ഐ.മധുസൂതനന് ഒരവസരം കൂടി നല്‍കും എന്ന ഉത്തരത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷിതമായ മണ്ഡലം എന്ന നിലയില്‍ അദ്ദേഹം പയ്യന്നൂരില്‍ മല്‍സരിച്ചേക്കുമെന്നും പ്രചാരം നടക്കുന്നുണ്ട്. എന്നാല്‍ മധുസൂതനനന് തന്നെയാണ് മുന്‍തൂക്കം. രണ്ട് തവണ ഒരാള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടി നിലപാടാണ് ഈ മുന്‍തൂക്ക പ്രചാരണത്തിന് ബലം നല്‍കുന്നത്.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. വി.കുഞ്ഞികൃഷ്ണന്‍ ടി.ഐ.മധുസൂതനനെതിരെ രക്തസാക്ഷി ഫണ്ട് വെട്ടിച്ചതായ ആരോപണം ഉന്നയിച്ചതോടെ സ്ഥാനാര്‍ത്ഥിത്വം തുലാസിലായി. മുന്‍കാലങ്ങളില്‍ പയ്യന്നൂരില്‍ നിന്ന് എം.എല്‍.എയായവരുമായി താരതമ്യം ചെയ്താല്‍ ജനപ്രിയത ഏറ്റവും കുറവുള്ള ഒരു പ്രതിനിധിയാണ് ടി.ഐ.മധുസൂതനന്‍. ഇപ്പോള്‍ ആരോപണം ഉയര്‍ന്നതോടെ ജനപ്രിയത വല്ലാതെകുറഞ്ഞിരിക്കയാണ്. പാര്‍ട്ടിയുടെ പൊന്നാപുരംകോട്ടയാണെങ്കിലും ടി.ഐ.മധുസൂതനന്‍ ഇനി മല്‍സരിച്ചാല്‍ പ്രവചനം അസാധ്യമാണ്. കുഞ്ഞികൃഷ്ണന്റെ ആരോപണത്തെ പാര്‍ട്ടി ശക്തമായി നേരിടുന്നുണ്ടെങ്കിലും മനസുകൊണ്ട് ജനം കുഞ്ഞികൃഷ്ണനോടൊപ്പമാണ്. ആ മനസ് വോട്ടായി മാറിയാല്‍ പയ്യന്നൂരിലെ ചുവപ്പ് മായുമെന്ന കാര്യം തീര്‍ച്ചയാണ്. മറ്റെന്തൊക്കെ ആരോപണം ജനം മറന്നാലും രക്തസാക്ഷിഫണ്ട് കയ്യിട്ടുവാരി എന്നത് ചെറിയ ഒരു ആരോപണമല്ല, സംസ്ഥാനം മുഴുവന്‍ അതിന്റെ അലയൊലികള്‍ ഉയരും.

സാഹചര്യങ്ങള്‍ മാറി

സാഹചര്യങ്ങള്‍ മാറിയതോടെ പയ്യന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ടി.ഐ.മധുസൂതനനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനും ഡി.സി.സി സെക്രട്ടെറിയുമായ അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. പിണറായി വിജയനാണെങ്കില്‍ തലയെടുപ്പുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി രംഗപ്രവേശം ചെയ്‌തേക്കാനും ഇടയുണ്ട്.