വൈരാംകോട്ടം കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തളിപ്പറമ്പ്: ഫിഷറീസ് വകുപ്പ് തളിപ്പറമ്പ നഗരസഭയിലെ വൈരാംകോട്ടം കടവില്‍ 80,000 കരിമീന്‍ വിത്തുകള്‍ നിക്ഷേപിച്ചു.

ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയുടെ ഭാഗമായാണ് കരിമീന്‍ വിത്ത് നിക്ഷേപം നടത്തിയത്.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ദീപ രഞ്ജിത്ത് നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.മുഹമ്മദ്ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ കെ.സന്ധ്യ, കെ.എം.ലത്തീഫ് എന്നിവരും പി.പ്രകാശന്‍, പി.പ്രഭാഷ്‌ലാല്‍, സി.വി.ആശ, എ.എസ് ആസിഫ്, എ.ബൈജു പ്രസംഗിച്ചു.

ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യ തൊഴിലാളികള്‍, മത്സ്യ കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കേരളത്തിലെ വിവിധ ജല സ്രോതസ്സുകളില്‍ മത്സ്യേത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തന്മൂലം ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിടുകയും ചെയ്തുകൊണ്ട് ഫിഷറിസ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.

ആലക്കോട്, ഉദയഗിരി , ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകളിലായി നാല് ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകളും, ഏഴോം ഗ്രാമ പഞ്ചായത്തിലെ പാറമ്മല്‍ കടവ്, പട്ടുവം പഞ്ചായത്തിലെ പട്ടുവം പാലം കടവ് എന്നിവിടങ്ങളില്‍ അഞ്ച് ലക്ഷം വീതം ചെമ്മീന്‍ വിത്തുകളും പരിയാരം പഞ്ചായത്ത് പടവില്‍ മുത്തപ്പന്‍ ക്ഷേത്ര കടവില്‍ 80000 കരിമീന്‍ വിത്തുകളും പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചിട്ടുണ്ട്.

പദ്ധതിയുടെ എട്ടാം ഘട്ട നിക്ഷേപ പരിപാടിയാണ് തളിപ്പറമ്പ നഗരസഭയില്‍ നടന്നത്.