തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഇല്ല, പുറത്തുനിന്ന് വരും-ഫീസ്-100 രുപ.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ.സി.ജി മെഷീന്‍ ഉണ്ട്; പക്ഷെ, ടെക്‌നീഷ്യന്‍ ഇല്ല.

ആശുപത്രിക്ക് പുറത്തെ സ്വകാര്യ ഇ.സി.ജി ലാബിലെ ടെക്‌നീഷ്യനാണ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി എടുക്കുന്നത്.

ഇയാള്‍ക്ക് രോഗി 100 രൂപ ഫീസ് നല്‍കണം.

മാസങ്ങളായി ഇത് തുടരുകയാണ്.

ഒ.പിയില്‍ പ്രതിദിനം ആയിരത്തിലേറെ രോഗികളെത്തുന്ന ഇവിടെ 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗത്തിലും രാപ്പകല്‍ ഭേദമില്ലാതെ നൂറുകണക്കിന് രോഗികള്‍ എത്തിച്ചേരുന്നുണ്ട്.

ബി.പി.എല്‍ വിഭാഗത്തിന് എല്ലാ ചികില്‍സകളും സൗജന്യമാണെങ്കിലും ഇ.സി.ജി എടുക്കാന്‍ 100 രൂപ കൊടുക്കണം.

ശരാശരി 50 രോഗികളെങ്കിലും ഇ.സി.ജി പരിശോധന നടത്തുന്നുണ്ടെന്നാണ് കണക്ക്, ഇതനുസരിച്ച് കൂട്ടിയാല്‍ തന്നെ ടെക്‌നീഷ്യന് ഒരു ദിവസം 5000 രൂപ ലഭിക്കും.

മലയോര മേഖലയിലെ പ്രധാന താലൂക്ക് ആശുപത്രിയായ ഇവിടെ ഒരു സ്ഥിരം ടെക്‌നീഷ്യനെ നിയമിക്കാന്‍ സാധിക്കാത്തതല്ല, മറിച്ച് ഇതിന് പിന്നില്‍ മറ്റെന്തോ നടക്കുന്നുണ്ടെന്നാണ് രോഗികള്‍ പറയുന്നത്.