നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു .തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു.

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഇത് സംബന്ധിച്ച് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു.

തിരുവനന്തപുരം പൂജപ്പുരയില്‍ നിന്ന് ആരംഭിച്ച് കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് വരെ നീളുന്ന, 22 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പും ഉള്‍പ്പെടേണ്ടതാണെന്നാണ് തളിപ്പറമ്പുകാരുടെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു.

നിലവിലെ പദ്ധതിയില്‍ അവസാന സ്റ്റേഷനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മുണ്ടയാടിന് വടക്കായി ഒരു സ്റ്റേഷന്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ ഈ അതിവേഗ റെയില്‍പാത തളിപ്പറമ്പിലെത്തിക്കാം.

ഇത് വെറുമൊരു പ്രാദേശിക വികാരമല്ല; ചില യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന ആവശ്യമാണെന്നും പി.കെ.സുബൈര്‍ പറയുന്നു.

വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പിന് ഇന്നും സ്വന്തം റെയില്‍വേ സ്റ്റേഷന്‍ ഇല്ല.

വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ആളുകള്‍ ദിവസേന യാത്ര ചെയ്യുമ്പോഴും റെയില്‍വേ കണക്റ്റിവിറ്റി എന്ന അടിസ്ഥാന സൗകര്യം ഇന്നും ഈ പ്രദേശത്തിന് അന്യമാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത യാഥാര്‍ത്ഥ്യമായെങ്കിലും, ആ പാത നഗരത്തിന്റെ ഹൃദയഭാഗത്തെ സ്പര്‍ശിക്കുന്നില്ല. നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് വഴിമാറി മറ്റൊരു ഭാഗത്ത് വീണ്ടും ചേരുന്ന രീതിയിലാണ് ദേശീയപാത കടന്നുപോകുന്നത്.

ഇതോടെ ദേശീയപാതയുടെ നേരിട്ടുള്ള പ്രയോജനം ലഭിച്ചിരുന്ന പരമ്പരാഗത നഗരകേന്ദ്രമെന്ന നിലയില്‍ തളിപ്പറമ്പിന്റെ പ്രാധാന്യത്തിന് ഒരു പരിധിവരെ മങ്ങലേറ്റിട്ടുണ്ട്.

കൂടാതെ നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയ പാരമ്പര്യവും പേറുന്ന രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന നാടാണ് തളിപ്പറമ്പ്. കൂടാതെ വടക്കന്‍ കേരളത്തിലെ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലകളിലേക്കും പ്രവേശന കവാടമായും ഈ നഗരം പ്രവര്‍ത്തിക്കുന്നു.

മലയോര മേഖലയുടെ കവാടം എന്നാണ് തളിപ്പറമ്പ നഗരം അറിയപ്പെടുന്നത്. അഥവാ തളിപ്പറമ്പിന്റെ വികസനം മലയോര മേഖലയുടെ കൂടി വികസനമാണ്.

അതിനാല്‍ തളിപ്പറമ്പിനെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് ഒരു നഗരത്തിന്റെ മാത്രം ആവശ്യമല്ല; വിശാലമായ ഒരു പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തീരുമാനമായിരിക്കുമെന്നും പി.കെ.സുബൈര്‍ കത്തില്‍ പറയുന്നു.

ഈ ആവശ്യത്തിനായി എല്ലാവിഭാഗം ജനങ്ങളുമായി ചര്‍ച്ചനടത്തി കര്‍മ്മസമിതിക്ക് രൂപം നല്‍കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും പി.കെ.സുബൈര്‍ പറയുന്നു.