ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മോറാഴയിലെ യുവാവിന്റെയും സുഹൃത്തിന്റെയും ഒരു കോടി രൂപയോളം തട്ടിയെടുത്തു

തളിപ്പറമ്പ്:ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബര്‍ തട്ടിപ്പു സംഘത്തിലെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.

എറണാകുളത്തെ ദില്‍ന അഞ്ജു എന്ന ദില്‍ന പ്രമോദ്, അഭിഷേക്, ജോഷി ജോര്‍ജ് എന്നിവരുടെ പേരിലാണ് കേസ്.

മോറാഴയിലെ പുതിയവീട്ടില്‍ പി.വി.സുമേഷ്(49), സുഹൃത്ത് കെ.ശിവദബാബു(22) എന്നിവരുടെ 97,85,251 രൂപയാണ് തട്ടിയെടുത്തത്.

2025 ഡിസംബര്‍ 20 ന് ഫേസ്ബുക്കിലൂടെ സുമേഷിനെ പരിചയപ്പെട്ട എറണാകുളത്തെ ദില്‍ന അഞ്ജു എന്ന ദില്‍ന പ്രമോദ് വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയാല്‍ ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ അഭിഷേക്, ജോഷി ജോര്‍ജ് എന്നിവരെ പരിചയപ്പെടുത്തികൊടുക്കുകയും ഈ മൂന്നുപേരും അവരുടെ ടെലഗ്രാം അക്കൗണ്ട് വഴി സുമേഷുമായി ചാറ്റ് ചെയ്യുകയും ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ   ലാഭത്തെത്തെക്കുറിച്ച് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

2025 ഡിസംബര്‍ 20 മുതല്‍ 2026 മെയ്-30 വരെയുള്ള കാലയളവില്‍ സുമേഷിന്റെ കാനറാബാങ്ക് മാങ്ങാട്ടുപറമ്പ് ശാഖയിലെയും തളിപ്പറമ്പ് തമിഴ്‌നാട് മെര്‍ക്കന്റെയില്‍ ബാങ്ക് വഴിയും പ്രതികളുടെ 31 അക്കൗണ്ടുകളിലേക്ക് 87,35,251 രൂപയും

സുഹൃത്ത് ആകെ.ആശയുടെ മകള്‍ കെ.ശിവദ ബാബു എന്നവരുടെ എസ്.ബി.ഐ ചാലോട് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 4 തവണകളിലായി 10.50,000 രൂപയും ഉള്‍പ്പെടെ 97,85,251 രൂപ ചതിയിലൂടെ കൈപ്പറ്റിയ ശേഷം

കൈപ്പറ്റിയ പണവും ട്രേഡിംഗില്‍ ഉണ്ടായിരുന്ന ലാഭവും തിരികെ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി. കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.