തളിപ്പറമ്പ്: നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെ തളിപ്പറമ്പിന്റെ മണ്ണില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കുന്നത് വരെ വിശ്രമമില്ലാത്ത പോരാട്ടത്തിന് തുടക്കം കുറിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി.
വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ നാടിന്റെ കാവലാളായി മാറാന്‍ ‘കാവല്‍’ എന്ന പേരില്‍ ബൃഹത്തായ ലഹരിവിരുദ്ധ ക്യാമ്പയിന് മുനിസിപ്പല്‍ കമ്മിറ്റി രൂപം നല്‍കി.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഹരിയുടെ അവസാനത്തെ കണ്ണിയും അറുത്തുമാറ്റുന്നത് വരെ തുടരുന്ന സുദീര്‍ഘവും ശക്തവുമായ പോരാട്ടവീര്യത്തോടെയാണ് ‘കാവല്‍’ ജനങ്ങളിലേക്ക് ഇറങ്ങുന്നത്.
ലഹരി മാഫിയകളുടെ താവളങ്ങളെയും വിപണന കേന്ദ്രങ്ങളെയും പൂര്‍ണ്ണമായി തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പ്രതിരോധം തീര്‍ക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
ക്യാമ്പയിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ ജനങ്ങളെയും യുവാക്കളെയും അണിനിരത്തി വിപുലമായ ലഹരിവിരുദ്ധ സദസ്സുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
മുനിസിപ്പല്‍ പരിധിയിലെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് ജനകീയ ‘ജാഗ്രതാ സമിതികള്‍’ രൂപീകരിക്കും. ലഹരി വില്‍പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും നീക്കങ്ങള്‍ ഈ സമിതികളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
തളിപ്പറമ്പില്‍ ലഹരിയുടെ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുന്നതും ലഹരി മാഫിയകള്‍ തമ്പടിക്കുന്നതുമായ പ്രധാന കേന്ദ്രങ്ങളെ കണ്ടെത്തി അവിടെ ശക്തമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലക്ഷ്യമിട്ട് ലഹരിസംഘങ്ങള്‍ വലവിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നിരീക്ഷണം ശക്തമാക്കും.
ലഹരിയില്‍ വീണുപോയവരെ കൈപിടിച്ചുയര്‍ത്തുക എന്ന കാരുണ്യത്തിന്റെ മുഖവും ഈ ക്യാമ്പയിനുണ്ട്.
ലഹരിയുടെ കെണിയില്‍ അകപ്പെട്ടുപോയ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും കുറ്റവാളികളായല്ല, മറിച്ച് മാറ്റിയെടുക്കേണ്ടവരായി കണ്ട് അവര്‍ക്ക് മികച്ച കൗണ്‍സിലിംഗും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിപുലമായ സംവിധാനവും ‘കാവല്‍’ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ലഹരിക്കെതിരെ കേരള സര്‍ക്കാരിന്റെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കുന്ന ‘തൂഫാന്‍’, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ‘തണ്ടര്‍’ എന്നീ ഔദ്യോഗിക ക്യാമ്പയിനുകള്‍ക്ക് യൂത്ത് ലീഗിന്റെ പൂര്‍ണ്ണമായ പിന്തുണയും സന്നദ്ധ സേവനവും ഉണ്ടാവും.
ക്യാമ്പയിന്റ് പ്രഖ്യാപനം തളിപ്പറമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫ് ജനറല്‍ സെക്രട്ടറി പി.എ. ഇര്‍ഫാന്‍ ട്രഷറര്‍ കെ.എന്‍. അന്‍ഷാദ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം,എ.പി. നാസര്‍, കെ.എസ്. റഫീഖ്, കെ.എസ്. ഉമ്മര്‍, ഫിയാസ് അള്ളാംകുളം, സഫീര്‍ കണ്ണങ്കീല്‍, സി.കെ. മദനി, സി.പി. നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.
നാടിന്റെ സുരക്ഷയ്ക്കായും വരും തലമുറയുടെ വെളിച്ചത്തിനായും കൈകോര്‍ക്കാന്‍ മുഴുവന്‍ പൊതുജനങ്ങളും യുവാക്കളും മുന്നോട്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.