അശാസ്ത്രീയ മാലിന്യസംസ്‌കരണം പിലാത്തറ എം.ജി.എം കോളേജിന് 20,000 രൂപ പിഴ ചുമത്തി

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് എം.ജി.എം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ പിലാത്തറ ക്യാമ്പസിനു 20,000 രൂപ പിഴചുമത്തി.
പരിശോധനയില്‍ സ്ഥാപനത്തില്‍ ഗുരുതരമായ മാലിന്യ സംസ്‌കരണ വീഴ്ചകളാണ് കണ്ടെത്തിയത്. 
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുകയും തത്സമയം കത്തിക്കുകയും ചെയ്യുന്നതായും പരിശോധനയില്‍ കണ്ടെത്തി.
ഉടന്‍ തന്നെ തീ അണപ്പിക്കുകയും മാലിന്യങ്ങള്‍ വേര്‍തിരിച്ചു കൈ ഒഴിയുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
കൂടാതെ, സ്ഥാപനത്തിന്റെ ബോയ്സ് ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്ക് ലീക്ക് ചെയ്ത് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും സ്ഥിരമായി ഹോസ്റ്റലിന്റെ പലയിടങ്ങളിലായി മാലിന്യങ്ങള്‍ കത്തിച്ചു വരുന്നതായും സ്‌ക്വാഡ് കണ്ടെത്തി.
മാലിന്യപ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ശാസ്ത്രീയമായ പരിഹാരംകാണണമെന്ന് സ്‌ക്വാഡ് സ്ഥാപനത്തിന്റെ വൈസ് പ്രിന്‍സിപ്പാലിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ് സ്‌ക്വാഡ് അംഗം എം.ജിഷ്ണുരാജ, സി.കെ.ദിബില്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.