ബസ് സമരം പിന്‍വലിച്ചു-ബസുടമകളും എല്ലാ ട്രേഡ് യൂണിയനുകളും സമരത്തെ തള്ളിപ്പറഞ്ഞു-

തളിപ്പറമ്പ്: കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

തളിപ്പറമ്പ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സി ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.

ബസ് ഗതാഗതം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബസുടമകളും സംഘടനാപ്രതിനിധികളും ഉറപ്പുനല്‍കി.

എന്നാല്‍ അഞ്ച് ബസ് ജീവനക്കാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

സമരത്തെ തങ്ങള്‍സമരത്തെ പിന്തുണക്കുന്നില്ലെന്ന് ഉടമകളും എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളും യോഗത്തെ അറിയിച്ചു.

ബസോടിക്കുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പയ്യന്നൂര്‍ ഡി.വൈ.എസ്.പി ഉറപ്പുനല്‍കി.

ഇന്നലെ രാവിലെ എട്ടോടെയാണ് തളിപ്പറമ്പ്പയ്യന്നൂര്‍ റൂട്ടില്‍ ജീവനക്കാര്‍ പണിമുടക്കിയത് കാരണം സ്വകാര്യ ബസ് സര്‍വീസ് നിലച്ചത്.

ബുധനാഴ്ച്ച വൈകുന്നേരം പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമ എന്ന സ്വകാര്യ ബസിലെ െ്രെഡവറെ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരിയാരം എം.സി.പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍ വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നാണ് ബസ് ജീവനക്കാര്‍ സമരം കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ കൂടി വ്യാപിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം സമരം തീര്‍ന്നതായി സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്താല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്ന ജീവനക്കാരുടെ ഉറച്ച നിലപാടാണ് അനുരഞ്ജനം അസാധ്യമാക്കിയത്.

പരിയാരം എസ്.എച്ച്.ഒ.കെ.വി.ബാബുവും എസ്.ഐ.രൂപ മധുസൂതനനും ഇന്നലെ പ്രതികളെ തേടി പയ്യന്നൂര്‍ കോളേജിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ മാത്രമാണ് പണിമുടക്കുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും ഓര്‍ഡിനറി ബസുകളേയും സമരക്കാര്‍ തടഞ്ഞത് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.

കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ് സ്‌റ്റോപ്പുകള്‍ മാത്രമായതിനാല്‍ കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വന്നു.

ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യന്നൂര്‍ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ ഇ.എം.റെജി, സീനിയര്‍ സൂപ്രണ്ട് കെ. സജീവന്‍, ബസ് സംഘടനാ പ്രതിനിധികളായ യു.നാരായണന്‍,

വി.വി.പുരുഷോത്തമന്‍, കെ.ബിജേഷ് കുമാര്‍, എ.വി.മനീഷ്, ബിബിന്‍ വിജയന്‍, ബിനു, ബിന്‍ഷാദ്, അബ്ദുള്‍ സലിം, ആലിക്കുഞ്ഞി പന്നിയൂര്‍,

എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജിതിന്‍, നിധീഷ്, കെ.എസ്.യു.നേതാക്കളായ ആരോമല്‍ രാജേഷ്, അനഘ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.