മുഖ്യമന്ത്രിക്ക് ചികില്‍സക്ക് തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു.

വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ഏപ്രില്‍ 13-നാണ് ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ

വകുപ്പിന് അപേക്ഷ നല്‍കിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്ന് ആദ്യം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് സാധാരണ രീതിയില്‍ മുഖ്യമന്ത്രിക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു അപേക്ഷ സമര്‍പ്പിച്ചതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നതും ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 11 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്കായി പോയത്.