പാലയാടുകാര്‍ക്ക് വെറും റോഡല്ല; രാജവീഥി തന്നെ സമ്മാനിച്ച് ചെറുതാഴം പഞ്ചായത്ത്.

പരിയാരം: വെറുമൊരു റോഡിന് ചോദിച്ചപ്പോള്‍ പഞ്ചായത്ത് നല്‍കിയത് മനോഹരമായ രാജവീഥി.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നിലെ

ദേശീയപാതയില്‍ നിന്നും ശ്രീസ്ഥയിലേക്ക് പോകുന്ന റോഡില്‍ അരകിലോമീറ്റര്‍ മാറിയുള്ള പാലയാട് പ്രദേശത്തെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ചെറുതാഴം പഞ്ചായത്ത് സാര്‍ത്ഥകമാക്കിയത്.

ഇവിടേക്ക് പോകാന്‍ ഒന്നരകിലോമീറ്ററിലേറെ ചുറ്റിവളയേണ്ട അവസ്ഥയായിരുന്നു.

പാലയാട് കോളനി, സാംസ്‌ക്കാരിക നിലയം, അംഗന്‍വാടി എന്നിവയ്ക്ക് പുറമെ മെഡിക്കല്‍പാരാമെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും ഈ ഭാഗത്തുണ്ട്.

നേരത്തെ റോഡ് നിര്‍മ്മിക്കാന്‍ ചെറുതാഴം പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് ചില അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ ഇതുവഴിയുള്ള റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.

ഇതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പുതിയ വഴി തേടിയത്. നേരത്തെ ഏറ്റെടുത്ത സ്ഥലത്തുനിന്ന് അല്‍പ്പം മാറി പുതിയ സ്ഥലം കണ്ടെത്തിയാണ് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

കാലവര്‍ഷത്തില്‍ തകരാതിരിക്കാന്‍ അരകിലോമീറ്ററോളം ദൂരത്തിലുള്ള റോഡ് പൂര്‍ണമായി ഇന്റര്‍ലോക്ക് ചെയ്യുകയായിരുന്നു.

കൂടാതെ റോഡില്‍ സോളാര്‍ വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാലയാട് നിവാസികള്‍.