അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്-തെരഞ്ഞെടുപ്പ് ഏകകണ്ഠമായി-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ഉച്ചക്ക്‌ശേഷം രണ്ട് മണിക്ക് നടന്ന ബാങ്ക് ഡയരക്ടര്‍മാരുടെ യോഗമാണ് മോഹന്‍ദാസിനെ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുത്തത്.

പ്രിസൈഡിങ്ങ് ഓഫീസര്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി.നിഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടത്.

18 വര്‍ഷം പ്രസിഡന്റായിരുന്ന കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് രാജിവെച്ച ഒഴിവിലാണ് അഡ്വ.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടത്.

പി.വി.രുഗ്മിണി മോഹന്‍ദാസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്‍ഖാദര്‍ പിന്താങ്ങുകയും ചെയ്തു.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും തളിപ്പറമ്പ് ബാറിലെ അഭിഭാഷകനുമാണ് മോഹന്‍ദാസ്.

രാജിവെച്ച പ്രസിഡന്റും ബാങ്ക് ഡയരക്ടറുമായ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തില്ല.