ഭിന്നശേഷിക്കാരനായ ജെ.എച്ച്.ഐ കുത്തിയിരുന്ന് കാര്യംനേടി.
പിലാത്തറ: കുത്തിയിരിപ്പ് സമരം നടത്തിയതോടെ വിരമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സപെക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുമെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചു.
ഭിന്നശേഷിക്കാരന്‍ കൂടിയായ എരമത്തെ ഗ്രേഡ് വണ്‍ ജെ.എച്ച്.ഐ സി.എ.ദാമോദരനാണ് എരമം കുറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ബുധനാഴ്ച്ച സത്യാഗ്രഹം നടത്തിയത്. ഭിന്നശേഷിക്കാര്‍ക്കുള്ള കണ്‍വയന്‍സ് അലവസ്, ഡി.എ അരിയര്‍, 2019 ലെ പേ റിവിഷന്‍ അരിയര്‍, 15 വര്‍ഷത്തെ ഹയര്‍ ഗ്രേഡ് അരിയര്‍, ടെര്‍മിനല്‍ സറണ്ടര്‍ എന്നിവയാണ് ഇദ്ദേഹത്തിന് ലഭിക്കാനുണ്ടായിരുന്നത്.
ഇതില്‍ ഡി.എ അരിയര്‍ ബില്‍ ഇക്കഴിഞ്ഞ 3 ന് ട്രഷറിയില്‍ നല്‍കിയതായി ബന്ധപ്പെട്ടവര്‍ ദാമോദരനനെ രേഖാമൂലം അറിയിച്ചു.
കിട്ടാനുള്ള ബാക്കി ആനുകൂല്യങ്ങള്‍ ഈ മാസം 18 ന് മുമ്പായി ലഭ്യമാക്കുമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
2023 ജനുവരി 31 നാണ് ദാമോദരന്‍ വിരമിച്ചത്.
എരമം-കുറ്റൂര്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഈ മാസം വിരമിച്ച മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലേഖയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കുത്തിയിരിപ്പ് സമരം.
ജീവിതസമരം എന്നെഴുതിയ പോസ്റ്ററില്‍ സമരം ആരോഗ്യമന്ത്രിക്കോ സര്‍ക്കാറിനോ എതിരായിട്ടല്ലെന്ന് ദാമോദരന്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.