ശമ്പളം തായോ ശമ്പളം തായോ–മെഡിക്കല്‍ കോളേജില്‍ പ്രതിപക്ഷ സംഘടനകളുടെ നിലവിളി സമരം.
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ജൂലായ് മാസത്തിലെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്
എന്‍.ജി.ഒ അസോസിയേഷന്റെയും കെ.ജി.എന്‍.യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വയറ്റത്തടിച്ച് നിലവിളിച്ച് ധര്‍ണ്ണയും നടത്തി.
ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ പരിയാരത്തെ ജീവനക്കാരോട് കാണിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
2018-ല്‍ സര്‍ക്കാര്‍ അധീനതയിലേക്ക് സ്ഥാപനം ഏറ്റെടുത്തതിന് ശേഷം കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല അന്നുണ്ടായിരുന്ന 12 ശതമാനം ഡി.എ മാത്രമാണ് ഇന്നും ലഭിക്കുന്നത്.
ശമ്പള പരിഷ്‌കരണവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ തടഞ്ഞ് വെക്കുക മാത്രമല്ല ശമ്പളവും കൃത്യമായി തരാത്ത സാഹചര്യത്തിലാണ് വ്യത്യസ്ത സമരമുറയുമായി ജീവനക്കാര്‍ മുന്നോട്ടുവന്നത്.
വയറ്റത്തടിച്ച് നിലവിളിച്ചു കൊണ്ട് സമരം ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
യു.കെ.മനോഹരന്‍, ടി.വി.ഷാജി, എം.കെ.സജിത്കുമാര്‍ കെ.ശാലിനി എന്നിവര്‍ സംസാരിച്ചു. കെ.വി.ദിലീപകുമാര്‍, പി.വി.സുരേഷ് ബാബു, പി.വി.രാമചന്ദ്രന്‍, കെ.ആര്‍.സുരേഷ്,
കെ.വി.ബാബു, പി.രംഗനാഥന്‍, ടി.പി.ഉണ്ണികൃഷ്ണന്‍, ടി.ശോഭന, ഉഷാ ഗോപാലന്‍, എം.വി ജസി, പി.വി.ടി.പ്രദീപന്‍, ബി.കെ.ധന്യ, ജെ.വിജയമ്മ, കെ.ഷൈജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒരു മാസം ഏഴരകോടി രൂപയാണ് മെഡിക്കല്‍ കോളേജില്‍ ശമ്പളം നല്‍കാനായി വേണ്ടിവരുന്നത്.
ഇതില്‍ 5 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടെങ്കിലും രണ്ടരകോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും ശമ്പളം നല്‍കാനാവൂ എന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.