കോനന്‍ ഡോയലിന്റെ വേട്ടനായ കുഞ്ചാക്കോയുടെ അഗ്നിമൃഗമായ കഥ.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പ്രശസ്തമായ കുറ്റാന്വേഷണ നോവലാണ് ദി ഹോണ്ട് ഓഫ് ദി ബാസ്‌ക്കര്‍വില്‍സ്(ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ). ഷെര്‍ലക് ഹോംസ് പരമ്പരയിലെ ഏറ്റവും ഉദ്വേഗജനകമായ നോവലാണ് ബാസ്‌കര്‍വില്‍സിലെ വേട്ടനായ. ഡാര്‍ട്ട്മൂറിലെ അതിപുരാതനമായ ബാസ്‌കര്‍വില്ലാകുടുംബത്തിലെ ഏക സ്വത്തവകാശിയായ സര്‍ ചാള്‍സ് ബാസ്‌കര്‍വില്ല ദാരുണമായി കൊല്ലപ്പെടുന്നു. ശരീരത്തില്‍ മുറിവുകളുടെ പാടുകളൊന്നുമില്ല. ദുരൂഹമായ ഈ മരണത്തെ പിന്തുടര്‍ന്ന് ഡാര്‍ട്ട്മൂറില്‍ അരങ്ങേറുന്ന സംഭവപരമ്പരകള്‍ പൈശാചികമായ ഒരു വേട്ടനായയെക്കുറിച്ചുള്ള പുരാതനകഥകളെ വീണ്ടും ഉണര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഭീതിവിതയ്ക്കുന്നു. ചാള്‍സിനുശേഷം ബാസ്‌കര്‍വില്ലയുടെ അവകാശിയായി എത്തുന്നത് ഹെന്റി ബാസ്‌കര്‍വില്ലയാണ്. ഡാര്‍ട്ട്മൂറിലെ ചതുപ്പുകളില്‍ മരണത്തിന്റെ മാറ്റൊലിയായി ഉയരുന്ന വേട്ടനായയുടെ ഭീതിദമായ കരച്ചില്‍ അയാളെയും വേട്ടയാടുന്നു. താന്‍ അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസ് എന്നാണ് ഹോംസ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഡാര്‍ട്ട്മൂറിലെ ചതുപ്പുനിലംപോലെ ആരെയും ഏതു നിമിഷവും ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന വിചിത്രമായ സാഹചര്യങ്ങള്‍. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.

ഈ നോവല്‍ നടന്‍ സത്യന്‍ നിര്‍മ്മാതാവും സംവിധായകനുമായ കുഞ്ചാക്കോക്ക് വായിക്കാന്‍ കൊടുത്തു.

നോവല്‍ വായിച്ച് ഹരം കയറിയ കുഞ്ചാക്കോക്ക് ഈ നോവല്‍ സിനിമയാക്കണമെന്ന് മോഹമുദിച്ചു.

അന്നത്തെ പ്രമുഖ സംവിധായകന്‍ എം.കൃഷ്ണന്‍നായരോട് കുഞ്ചാക്കോ ഇക്കാര്യം ചര്‍ച്ച ചെയ്തു.

നോവല്‍ കേരള പശ്ചാത്തലത്തിലേക്ക് മാറ്റാന്‍ നോവലിസ്റ്റ് കാനം.ഇ.ജെ.യോട് കുഞ്ചാക്കോ ആവശ്യപ്പെട്ടു.

കാനം ഈ നോവല്‍ കേരള പശ്ചാത്തലത്തിലേക്ക് മാറ്റി. തോപ്പില്‍ ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

അഗ്നിമൃഗം-

ഈ സിനിമയുമായി ബന്ധപ്പെട്ട ദുഃഖകരമായ ഒരു സംഭവം-സത്യനെ നായകനാക്കിയാണ് ഉദയയുടെ ഈ സിനിമ പ്ലാന്‍ ചെയ്തത്. കുഞ്ചാക്കൊയോടും സംവിധായകനായ എം.കൃഷ്ണന്‍നായരോടും നസീറിനെ നായകനാക്കിയാല്‍ മതിയെന്നും എനിക്കൊരു ചെറിയ വേഷം മതി എന്ന് പറഞ്ഞു സത്യന്‍ പിന്മാറി. അങ്ങനെ നസീര്‍ നായകന്‍ ആവുകയും സത്യന്‍ ചെറിയവേഷം ചെയ്യുകയും ചെയ്തു. അഗ്‌നിമൃഗത്തിലെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതിനു ശേഷം സത്യന്‍ മദ്രാസിലേക്ക് പോകുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സത്യന്‍ അന്തരിച്ച ടെലഗ്രാം വന്നു. ഒരു അഗ്‌നിമൃഗം നടത്തുന്ന കൊലപാതകങ്ങളും അതന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും ഒടുവില്‍ അഗ്നിമൃഗത്തെ പിടികൂടലുമാണ് കഥ. സത്യന്‍ അഭിനയിച്ച ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കി. ഷീലയുറെ ആദ്യഭര്‍ത്താവായ രവിചന്ദ്രനും പ്രധാന റോളില്‍ അഭിനയിച്ചു. 1971 നവംബര്‍-19-നാണ് 52 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തതും എക്‌സല്‍ തന്നെയാണ്. ആര്‍.സി.പുരുഷോത്തമന്‍ ക്യാമറയും വി.പി.കൃ്ഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജെ.ജെ.മിരാന്‍ഡയാണ് കലാസംവിധായകന്‍. സത്യന്‍, പ്രേംനസീര്‍, ഷീല, കെ.പി.ഉമ്മര്‍, കോട്ടയം ചെല്ലപ്പന്‍, എസ്.പി.പിള്ള, രവിചന്ദ്രന്‍, ജി.കെ.പിള്ള. ആലുംമൂടന്‍, അടൂര്‍പങ്കജം, ജയകുമാരി, ജോഷി, വിജയകുമാരി. ചേര്‍ത്തല ലളിത എന്നിവരാണ് മുഖ്യവേഷങ്ങളില്‍.
വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റുകളാണ്.

ഗാനങ്ങള്‍-

1-അളകാപുരി അളകാപുരി-യേശുദാസ്, മാധുരി.

2-കാര്‍കുഴലി കരിങ്കുഴലി-ബി.വസന്ത.

3-മരുന്നോ നല്ല മരുന്ന്-യേശുദാസ്, മാധുരി.

4-പ്രേമം സ്ത്രീപുരുഷ പ്രേമം-യേശുദാസ്.

5-തെന്‍മല വെണ്‍മല-എല്‍.ആര്‍.ഈശ്വരി.