ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കണ്ണൂരില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍
തളിപ്പറമ്പ് : കൊച്ചിയില്‍ വെച്ച് നാഷണല്‍ അക്കാഡമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് സംഘടിപ്പിക്കുന്ന 16-ാ മത് ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും 6 പ്രതിനിധികള്‍ പങ്കെടുത്തു.
കര്‍ഷക വരുമാന സുരക്ഷയിലൂന്നി കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിച്ചു കൊണ്ട് സുസ്ഥിര കാര്‍ഷിക വികസന ലക്ഷ്യം കൈവരിക്കാനായി 4 ദിവസമായി ആയിരത്തിലധികം ഗവേഷകര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലയിലാണ് ജില്ലയിലെ കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.
കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മയ്യില്‍ നെല്ലുല്‍പാദന കമ്പനിയുടെ സി.ഇ.ഒ ജനാര്‍ദ്ദനന്‍, കുറ്റിയാട്ടൂര്‍ മാങ്ങ ഉല്പാദക കമ്പനിയുടെ ചെയര്‍മാന്‍ പ്രഭാകരന്‍, ഇരിട്ടി ഐക്കോക്ക് നാളികേര ഉല്പാദക കമ്പനിയുടെ ചെയര്‍മാന്‍ ശ്രീകുമാര്‍, മണ്‍സൂണ്‍ മഷ്‌റൂം സംരംഭകന്‍ രാഹുല്‍ ഗോവിന്ദ്, മികച്ച വനിത കര്‍ഷകയും സംരഭകയുമായ സിമി, ബക്കളം പച്ചക്കറി ക്ലസ്റ്ററിന്റെ സ്ഥാപകനും ആന്തൂര്‍ നഗരസഭ കൗണ്‍സിലറുമായ മനോഹരന്‍ എന്നിവരാണ് സയന്‍സ് കോണ്‍ഗ്രസില്‍ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.ജയരാജിനോടൊപ്പം കര്‍ഷക പ്രതിനിധികളായി പങ്കെടുത്തത് .
കര്‍ഷകര്‍ ഒരുക്കിയ ദേശ സൂചിക പദവി നേടിയ കുറ്റിയാട്ടൂര്‍ മാങ്ങയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, മയ്യില്‍ നെല്ലുല്‍പാദക കമ്പനിയില്‍ നിന്നും ഗാബ അരി ഉള്‍പ്പെടെയുള്ള തവിട് നിലനിര്‍ത്തിക്കൊണ്ടുള്ള അരി, അവല്‍, ഇരിട്ടി ഐക്കോക്ക് നാളികേര ഉല്പാദക കമ്പനിയുടെ വെളിചെണ്ണ,മറ്റു മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനംശ്രദ്ധേയമായി.
പത്മശ്രീ അവാര്‍ഡ് ജേതാക്കളായ ചെറുവയല്‍ രാമന്‍, സബര്‍മതി, ബാത കൃഷ്ണ സാഹു, സേത്പാല്‍ സിംഗ്, ചന്ദശേഖര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഭാരതിയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയരക്ടര്‍ ജനറലുമായ ഡോ.ഹിമാന്‍ഷു പഥക് അധ്യക്ഷനായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യകത, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാവ്യതിയാനം, എന്നിവയുടെ പാശ്ചാത്തലത്തില്‍ ഭക്ഷ്യ ഉല്‍പാദനവ്യവസ്ഥ സുസ്ഥിരമായി വികസിപ്പിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു.
150 ഓളം കര്‍ഷക പ്രമുഖര്‍ പങ്കെടുത്ത കര്‍ഷക ശാസ്ത്ര മുഖാമുഖത്തിന് ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.കെ.സിംഗ്, തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗീതാലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഷികസയന്‍സ് കോണ്‍ഗ്രസ് 14 ന് സമാപിക്കും.