കൃത്രിമ ബില്‍ഡിംഗ് വാല്വേഷന്‍ ഉപയോഗിച്ച് ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 64 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ആലക്കോട്: എഞ്ചിനീയറിംഗ് ലൈസന്‍സും എഞ്ചിനിയേഴ്‌സ് എ സീലും വ്യാജമായി നിര്‍മ്മിച്ച് കൃത്രിമ ബില്‍ഡിംഗ് വാലുവേഷന്‍ തയ്യാറാക്കി ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 64 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി.
വെള്ളാട് കുട്ടിക്കരിയിലെ കൈതോട്ടുങ്കല്‍ ജമുനാ ജോസഫാണ്(28) ഇത് സംബന്ധിച്ച് ആലക്കോട് പോലീസില്‍ പരാതി നല്‍കിയത്.
ഇവരുടെ വ്യാജ കയ്യൊപ്പും ഇട്ടതായി പരാതിയുണ്ട്.
2024 ജനുവരി മുതല്‍ ഏപ്രില്‍ 20 വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ജമുനയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചതെന്നാണ് പരാതി.
ആലക്കോട് സി.ആര്‍.ബില്‍ഡേഴ്‌സിലെ രാഖുല്‍(40) എന്നയാളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.