അര്‍ജന്റീനയെ മുത്തപ്പന്‍ അനുഗ്രഹിച്ചു-വഴിപാടിനായി ഫാന്‍സുകാര്‍ ചെലവഴിച്ചത് 2 ലക്ഷം.
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: അര്‍ജന്റീന ലോകകപ്പില്‍ വിജയം നേടിയതിന് വഴിപാടായി മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് ഭക്ഷണവും നല്‍കി കുഞ്ഞിമംഗലം കുതിരുമ്മല്‍ അര്‍ജന്റീന ഫാന്‍സ്.
ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി മെസിയുടെ 55 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിക്കുന്ന വേളയിലാണ് അര്‍ന്റീന കപ്പ് നേടിയാല്‍ മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് സദ്യയും നടത്തുമെന്ന് ഫാന്‍സ് അംഗമായ പി.വി.ഷിബു നേര്‍ച്ച നേര്‍ന്നത്.
കുതിരുമ്മല്‍ അംഗന്‍വാടിക്ക് സമീപത്തെ വയലില്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ 60 അംഗ ഫാന്‍സ് സംഘം അരയുംതലയും മുറുക്കി പണിയെടുത്തിട്ടും വയലില്‍ വെള്ളം നിറഞ്ഞ് കുഴിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും കട്ടൗട്ട് നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ഷിബു മുത്തപ്പന്‍ വെള്ളാട്ടം കഴിക്കാമെന്ന നേര്‍ച്ച നേര്‍ന്നത്.
ഫാന്‍സ് സംഘം കട്ടൗട്ട് നിര്‍മ്മാണം ഉപേക്ഷിച്ച് മടങ്ങാനിരിക്കെയാണ് സ്ഥലത്തെത്തിയ കുഴല്‍ക്കിണര്‍ കുഴിക്കുന്ന സംഘം വയലില്‍ പൈപ്പ് താഴ്ത്തി കട്ടൗട്ട് ഉറപ്പിക്കാന്‍ സഹായിച്ചത്.
ഇത് മുത്തപ്പന്റെ അനുഗ്രഹം കാരണമെന്നാണ് ഫാന്‍സുകാരുടെ വിശ്വാസം.
കപ്പടിച്ച് ഒരാഴ്ച്ചക്കകം വഴിപാട് നിറവേറ്റുമെന്നായിരുന്നു ഷിജുവിന്റെ പ്രാര്‍ത്ഥന.
ഫുട്‌ബോള്‍ മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇന്ന് നടന്ന മുത്തപ്പന്‍ വഴിപാടിനും ഭക്ഷണത്തിനുമായി 2 ലക്ഷം രൂപയാണ് പ്രവാസിയായ ഷിജു ചെലവഴിച്ചത്.
2000 പേര്‍ക്ക് സദ്യ നല്‍കുമെന്നാണ് പ്രാര്‍ത്ഥനയെങ്കിലും വന്നവര്‍ക്കെല്ലാം വയറുനിറച്ച് ഭക്ഷണവും മുത്തപ്പന്റെ അനുഗ്രഹവും നല്‍കിയാണ് ഫാന്‍സുകാര്‍ യാത്രയാക്കിയത്.
ഏതാണ്ട് മൂവായിരത്തിലേറെ ആളുകളാണ് പരിപാടിക്ക് എത്തിച്ചേര്‍ന്നത്.
60 അംഗ ഫാന്‍സുകാരെല്ലാം അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് പരിപാടിയില്‍ പങ്കെടുത്തത്.