ഹാപ്പിനസ് ഫെസ്റ്റിവലിന് 23 ന് തുടക്കം-24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

10 ലക്ഷം പേര്‍ പങ്കെടുക്കും-പ്രവേശനഫീസ് 20 രൂപ മാത്രം

 

തളിപ്പറമ്പ്: നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23ന് വെള്ളിയാഴ്ച തുടക്കമാകും.

സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകുന്നേരം 7 മണിക്ക് കോള്‍ മൊട്ടയില്‍ നടി മാലാപാര്‍വ്വതി ഉദ്ഘാടനം ചെയ്യും.

ധര്‍മ്മശാലയില്‍ സമാപിക്കും. രാത്രി എട്ടിന് കലാപരിപാടികള്‍.

24 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

എം.വി.ഗോവിന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

6.30 ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്‍ഡ് ഷോ ഉണ്ടാകും.

31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറുന്നത്.

25 ന് വൈകുന്നേരം 6. 30ന് ശരീര സൗന്ദര്യ പ്രദര്‍ശനം. 7 മണിക്ക് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം.

എട്ടിന് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി. 26 ന് വൈകുന്നേരം 5 മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും, ജി.എസ്.പ്രദീപും സംസാരിക്കും.

6.30ന് ജി.എസ്.പ്രദീപിന്റെ ഷോ അറിവുത്സവം.

രാത്രി 8 മണിക്ക് കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി.

27ന് വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 6 മണിക്ക് ഫാഷന്‍ ഷോ. വൈകുന്നേരം 6.30ന് നഗരസഭാ സ്റ്റേഡിയത്തില്‍ ഉത്തരേന്ത്യന്‍ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം.

8 മണിക്ക് എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശ്ശേരി അണിയറ തീയറ്ററിന്റെ നാടകം ‘നാലുവരിപ്പാത.

28ന് വൈകുന്നേരം 6 മണിക്ക് മന്ത്രി ജെ.ചിഞ്ചുറാണി സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും.

6.30 ന് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ഏകാംഗ നാടകം പെണ്‍നടന്‍.

8 മണിക്ക് റാസയും ബീഗവും ചേര്‍ന്നൊരുക്കുന്ന ഗസല്‍രാവ്. 29ന് വൈകുന്നേരം 6. 30ന് പട്ടുറുമാല്‍ റീ ലോഞ്ചിംഗ് അരങ്ങേറും.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6. 30ന് എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കൊച്ചി ചൈത്രതാര തീയേറ്ററിന്റെ നാടകം ‘ഞാന്‍’.

രാത്രി 8:30 ന്. മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി ‘മനുഷ്യനാകണം.

30ന് രാത്രി 7 മണിക്ക് നഗരസഭാ സ്റ്റേഡിയത്തില്‍ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

രാത്രി 9 മണിക്ക് നഗരസഭ സ്റ്റേഡിയത്തില്‍ നടി നവ്യ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി.

31ന് വൈകുന്നേരം 6 മണിക്ക് പുതുവത്സരാഘോഷം എം.വി. ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

രാത്രി 9 മണിക്ക് പിന്നണിഗായകന്‍ സച്ചിന്‍ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവര്‍ഷപ്പിറവിയില്‍ അവസാനിക്കും.

എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ പുസ്തകോത്സവം, പ്രദര്‍ശനം, ചില്‍ഡ്രന്‍സ് അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ലവര്‍ ഷോ, ഫുഡ് കോര്‍ട്ട്, കൈത്തറിമേള എന്നിവ നടക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്ര മേള 19, 20, 21 തീയ്യതികളില്‍ നടന്നു.

7 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും, എല്ലാ കായിക മത്സരങ്ങളുടെയും അസംബ്ലി മണ്ഡല തല ഫൈനല്‍ മത്സരം പൂര്‍ത്തിയാകുകയും ചെയ്തു.

കലാ മത്സരങ്ങളുടെ അവസാന റൗണ്ട് ഡിസംബര്‍ 25 മുതല്‍ 29 വരെ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുക.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ ഒരു കലാ-കായിക- സാംസ്‌കാരിക- വിനോദ മാമാങ്കം നടക്കുന്നത്.

പത്ത് ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കും.

20 രൂപ മാത്രമാണ് പ്രവേശന നിരക്ക്.

മണ്ഡലത്തിലെ പത്താം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് സൗജന്യമായി പാസ് നല്‍കിക്കഴിഞ്ഞു.

ഇതോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.മുകുന്ദന്‍ (ചെയര്‍മാന്‍), കെ.സന്തോഷ്, (വൈസ് ചെയര്‍മാന്‍), എ.നിശാന്ത്, (ജനറല്‍ കണ്‍വീനര്‍), പി.ഒ.മുരളീധരന്‍(പ്രോഗ്രാം കണ്‍വീനര്‍), സി.അശോക് കുമാര്‍, (അനുബന്ധ പരിപാടി കണ്‍വീനര്‍), എം.കെ.മനോഹരന്‍ (മീഡിയ ചെയര്‍മാന്‍), സി.പി.മുഹാസ് (പ്രചാരണ കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.