പയ്യന്നൂരില്‍ വന്‍ മോഷണം 80 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച, 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.

പെരുമ്പ പള്ളിക്ക് പിറകിൽ ബൈപാസിനടുത്ത് ആമ്പിലേരി കോളനി റോഡിൽ റിട്ട: എക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് സൂപ്രണ്ട് വലിയ പീടികയിൽ ആമു വീട് കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചത്.

മുന്‍വശത്തെ വാതില്‍ പൊളിച്ച് ആണ് കള്ളന്‍ അകത്ത് കടന്നത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ആമു അസുഖബാധിതനായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നതിനാല്‍ ഭാര്യ സുഹറ അദ്ദേഹത്തെ പരിചരിക്കാനായി അവിടെയായിരുന്നു.

പൂട്ടിയ വീട്ടിൽ മുകളിലത്തെ നിലയിൽ മകളുടെ 15, 12, 5 വയസ്സുകളുള്ള കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് കാലത്ത് കുട്ടികൾ ഉണർന്നു താഴെ എത്തിയപ്പോൾ ആണ് മുറികളാകെ അലങ്കോലമായ നിലയിലും വാതിൽ കുത്തിത്തുറന്ന നിലയാലും കാണപ്പെട്ടത്.

മതിൽ ചാടിക്കടന്ന് വന്ന മോഷ്ടാവ് മുൻവശത്തെ പ്രധാന വാതിലിന്റെ ലോക്ക് തകർത്ത് അകത്ത് കടന്ന് താഴത്തെ നിലയിലെ രണ്ട് മുറികളിലും ഉള്ള ഷെൽഫുകൾ കുത്തിത്തുറന്ന് ഷെൽ ഫിൽ പ്രത്യേക അറയിൽ ബോക്സിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മാത്രമാണ് കവർന്നത്.

അതിനകത്തുണ്ടായിരുന്ന പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലത്രെ. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ബോക്സ് പുറത്ത് വീട്ട് പറമ്പിൻ്റെ പിറകിലെ മൂലയിൽ കൊണ്ടുപോയാണ് പൊട്ടിച്ചത്.

ബോക്സ് അവിടെ ഉപേക്ഷിച്ച നിലയിലുണ്ട് വീടിനകത്തെ ഒരു മുറിയിൽ നിന്ന് കമ്പിപ്പാരയും കൊടുവാളും മറ്റൊരു മുറിയിൽ നിന്നും ഒരു കൊടുവാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് .

പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി മഴ പെയ്തതിനാൽ അടുത്തവീട്ടുകാരൊ മുകളിലെ നിലയിൽ ഉറക്കുകയായിരുന്ന കുട്ടികളോ സംഭവം അറിഞ്ഞിരുന്നില്ല.

പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി വിരലടയാള വിദഗ്ധരുടെ പരിശോധന തുടരുകയാണ്.