ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു
പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
സാമ്പത്തിക പ്രതിസന്ധി മൂലം പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുന്ന ഘട്ടത്തില്‍ ഹാപ്പിനസ് ഫെസ്റ്റ് എന്ന പേരില്‍ സിപിഎം നടത്തുന്ന ധൂര്‍ത്ത് മേളകള്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും പണം അനുവദിക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തിന് യുഡിഎഫ് മെമ്പര്‍മാരായ പി.വി. സജീവന്‍, പി.വി.അബ്ദുല്‍ ഷുക്കൂര്‍, പി.സാജിത, അഷറഫ് കൊട്ടോല, ടി.പി.ഇബ്രാഹിം, കെ.പി.സല്‍മത്ത്, ദൃശ്യ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.