രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ഉടനടി ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തില്‍ കയറ്റിയ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറ്റ് പ്രതികള്‍ വാഹനത്തില്‍നിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (മൂന്ന്) സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.
മുന്നൂറോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കയ്യില്‍ കൊടിക്കമ്പുകളും തടിക്കഷണവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ ഫൈബര്‍ ഷീല്‍ഡ്, ഹെല്‍മറ്റ്, ഫൈബര്‍ ലാത്തി എന്നിവയ്ക്ക് പ്രവര്‍ത്തകര്‍ കേടുപാടു വരുത്തി. 50,000 രൂപയുടെ നഷ്ടം സംഭവിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കൈയ്യിലെ അസ്ഥിപൊട്ടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിലുണ്ടായിരുന്ന വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലാത്തിയും ഷീല്‍ഡും അടിച്ചു പൊട്ടിക്കുന്ന വിഡിയോയും പൊലീസ് കോടതിയില്‍ ഹാജരാക്കി.
പത്തനംതിട്ട ജില്ലയിലെ മുണ്ടപ്പള്ളിയിലെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടം ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റു രണ്ട് കേസുകളില്‍കൂടി രാഹുല്‍ പ്രതിയാണ്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സുഗമമായ അന്വേഷണത്തിന് തടസം നില്‍ക്കാനിടയുണ്ട്. പ്രതി സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. ഉടനടി ജാമ്യം നല്‍കി വിട്ടയച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. സര്‍ക്കാരിന്റെ പൊതുമുതലിനു നാശനഷ്ടം വരുത്തിയ കേസാണ്. സംഘം ചേര്‍ന്ന് ഗുരുതര കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാം പ്രതിയാണ് രാഹുല്‍. രാവിലെ പത്തേകാലിന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു റജിസ്റ്ററില്‍ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയില്‍ രാഹുലിനോടു മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.
രാവിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതു മുതല്‍ പൊലീസുമായി സഹകരിക്കുന്ന തന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നു രാഹുല്‍ ചോദിച്ചു. വൈദ്യ പരിശോധനയ്ക്കായി ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു വാഹനം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്നാണ് കോടതിയില്‍ ഹജരാക്കിയത്.