‘കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍
കാസര്‍ഗോഡ്: കാസര്‍കോഡ് ജില്ലയിലെ മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഘവനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
മുളിയാര്‍ സ്വദേശിയായ അഷറഫ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍ പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു.
അന്നേ ദിവസം പരാതിക്കാരനോട് ഈ വസ്തുവിന്റെ നികുതി നാല് കൊല്ലം മുമ്പാണ് അടച്ചതാതെന്നും അതിനാല്‍ വസ്തുവിന്റെ അസ്സല്‍ രേഖകളും 30 വര്‍ഷത്തെ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവയുമായി എത്തുവാനും വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് എല്ലാ രേഖകളുമായി പല പ്രാവശ്യം പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ച് നല്‍കിയില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ 15-ാം തീയതി വീണ്ടും വില്ലേജോഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും ഒരു അപേക്ഷ കൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച്
വീണ്ടും വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരനോട് അപേക്ഷ മാത്രം പോരായെന്നും കൈക്കൂലിയായി 5000/ രൂപ കൂടി വേണമെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘവന്‍ അറിയിച്ചു.
അത്രയും രൂപ നല്‍കാനില്ലെന്നും കുറയ്ക്കണമെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് രാഘവന്‍ തുക 2500/ ആയി കുറച്ച് നല്‍കി.
തുടര്‍ന്ന് പരാതിക്കാരനായ അഷറഫ് ഈ വിവരം വിജിലന്‍സ് കാസര്‍കോഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി. വേണുഗോപാലിനെ അറിയിക്കുകയും തുടര്‍ന്ന്
അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കെണി ഒരുക്കി ഇന്ന് (26/10/2022) ഉച്ചയ്ക്ക് 2.45 മണിയോടെ വില്ലേജ് ഓഫീസിനടുത്ത് വച്ച് 2500/- രൂപ കൈക്കൂലി വാങ്ങിയ രാഘവനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
വിജിലന്‍സ് സംഘത്തില്‍ കാസര്‍കോഡ് യൂണിറ്റ് ഡെപ്യുട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.വി.വേണുഗോപാലിനെ കൂടാതെ
ഇന്‍സ്‌പെക്ടര്‍മാരായ സിബിതോമസ്(സിനിമാ നടന്‍), സബ്ഇന്‍സ്‌പെക്ടറായ ഈശ്വരന്‍ നമ്പൂതിരി,
അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, സതീശന്‍, മധുസൂദനന്‍, സുബാഷ് ചന്ദ്രന്‍, പ്രിയ.കെ.നായര്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ രഞ്ജിത്കുമാര്‍, രാജീവന്‍,
കെ.വി.ജയന്‍, പ്രദീപന്‍, ബിജു, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.
അഴിമതി അറിയിക്കണം-വിജിലന്‍സ് ഡയരക്ടര്‍.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ്ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.