ചട്ടമ്പിമാരുടെ കവലയില്‍ 54 വര്‍ഷം
മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയനോവലായ ചട്ടമ്പിക്കവല ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കിയത് 1969-ലാണ്.
54 വര്‍ഷം മുമ്പ് ഒക്ടോബര്‍ 8 നാണ് സിനിമ റിലീസ് ചെയ്തത്.
സത്യന്‍, ഉമ്മര്‍, അടൂര്‍ഭാസി, ശ്രീവിദ്യ, കെ.വി.ശാന്തി, തിക്കുറിശി, ജോസ്പ്രകാശ്, ബഹദൂര്‍, എസ്.പി.പിള്ള, കാലയ്ക്കല്‍ കുമാരന്‍, ഫരീദ്, മണി, മീന, വസന്ത, സരസമ്മ, കെ.അന്നമ്മ എന്നിവരാണ് മുഖ്യവേഷം ചെയ്തത്.
മുട്ടത്തുവര്‍ക്കി തന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
ഇ.എന്‍.സി.നായര്‍ ക്യാമറയും എന്‍.ഗോപാലകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
പരസ്യം എസ്.എ സലാം. എ.കുമാരസ്വാമി ആന്റ് കമ്പനിയാണ് വിതരണം ചെയ്തത്.
കഥാസംഗ്രഹം-
നാട്ടിലെ ചട്ടമ്പിക്കവല ജനങ്ങള്‍ക്കു് ഒരു പേടിസ്വപ്‌നമാണ്. സ്ഥലത്തെ പണക്കാരനും, സ്വാധീനശക്തിയുള്ളവനുമായ മാത്തച്ചന്‍ മുതലാളിയുടെ തണലിലും സംരക്ഷണയിലും കഴിയുന്ന ഒരുപറ്റം റൗഡികളുടെ കേന്ദ്രമാണത്. തെളിയാതെ കിടക്കുന്ന നിരവധി കേസുകള്‍ക്കുപുറമേ, ഒരു കൊലപാതകവും, പട്ടാപ്പകല്‍ നടന്ന പിടിച്ചുപറിയും കൂടി നടന്നപ്പോള്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ നിര്‍ബ്ബന്ധിതരായി. ഉന്നതങ്ങളില്‍ നിന്നും, ആവശ്യപ്പെട്ടതനുസരിച്ച് വിദഗ്ദ്ധനായ സി.ഐ.ഡി. ഓഫീസര്‍ മിസ്റ്റര്‍ അയ്യരെ കേസന്വേഷണത്തിനായി നിയോഗിച്ചു.
മാത്തച്ചന്റെയും ഭാര്യ റോസമ്മയുടെയും ഏക മകളാണ് സൂസി. സുന്ദരിയും സുശീലയുമായ സൂസിക്ക് അപ്പന്‍ തിരഞ്ഞെടുത്ത ഭാവി വരാനാണ് മാത്തച്ചന്റെ എസ്റ്റേറ്റ് മാനേജരായ ചെറിയാന്‍. പക്ഷെ സൂസിക്ക് എന്തുകൊണ്ടോ ആ ബന്ധം തീരെ പിടിച്ചില്ല. ചെറിയാനോട് സൂസിക്ക് ആദ്യം മുതലേ ഇഷ്ടമായിരുന്നില്ല. ആയിടക്ക് മാത്തച്ചന്റെ വീട്ടില്‍ പുതിയ ഒരു ജോലിക്കാരി വന്നുകൂടി. ത്രേസ്യ . ബഹുസമര്‍ത്ഥയും തന്റേടക്കാരിയും ആയിരുന്ന ത്രേസ്യയും സൂസിയും ഇഷ്ടതോഴിമാരായി മാറി.
ട്രാന്‍സിസ്റ്റര്‍ റേഡിയോ, ടേപ്പ് റിക്കാര്‍ഡുകള്‍ മുതലായ വസ്തുക്കള്‍ വില്പനയ്ക്കായി ജോണി എന്നൊരാള്‍ തന്റെ കൂട്ടുകാരനായ പൊന്നന്‍, പന്നന്‍ എന്നിവരുമൊത്ത് ഒരുദിവസം മാത്തച്ചന്റെ വീട്ടില്‍ വന്നു. തന്റെ കയ്യിലുള്ള വില്‍പ്പനച്ചരക്കുകളെപ്പറ്റി സൂസിയോടും റോസമ്മയോടും ജോണി വിവരിച്ചുകൊണ്ടിരുന്ന അവസരത്തിലാണു് മാത്തച്ചന്‍ അവിടെ കടന്നുവന്നത്. അപരിചിതരാരും തന്റെ വീട്ടില്‍ കടക്കുന്നത് ഇഷ്ടമല്ലായിരുന്ന മുതലാളിക്ക് ജോണിയെ കണ്ടപ്പോഴുണ്ടായ നീരസം അയാളുടെ വര്‍ത്തമാനം കൂടി കേട്ടപ്പോള്‍ കോപമായി മാറി. ധിക്കാരിയായ അവനെ തന്റെ കയ്യൂക്കൊന്നു മനസ്സിലാക്കി വിട്ടില്ലെങ്കില്‍ മോശമാണെന്നുതോന്നിയ മാത്തച്ചന്‍ കവലയില്‍ നിന്നും തന്റെ സംരക്ഷണയില്‍ കഴിയുന്ന ചട്ടമ്പിമാരില്‍ ചിലരെ വരുത്തി.
ജോണി ഒരു വലിയ ധനാഢ്യന്റെ ഏക മകനാണെന്നും പണ്ട് ആ വീട്ടില്‍ ജോലിക്കുനിന്നിരുന്ന തനിക്ക് ജോണിയെപ്പറ്റിയുള്ള സകല വിവരങ്ങളും അറിയാമെന്നും ത്രേസ്യ പറഞ്ഞപ്പോള്‍ ദുരാഗ്രഹിയും, പണക്കൊതിയനുമായ മാത്തച്ചന് ജോണിയെ എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്നുള്ള മോഹം ഉദിച്ചു. നിമിഷങ്ങള്‍ക്കകം എസ്റ്റേറ്റ് മാനേജരായ ചെറിയാനെ വെറുക്കുവാനും ജോണിയെ ഇഷ്ടപ്പെടുവാനും മാത്തച്ചന്‍ മുതലാളിക്ക് മനഃസാക്ഷിക്കുത്തൊന്നുമുണ്ടായില്ല. കണക്കില്ലാത്ത സ്വത്തും വിലമതിക്കാനാവാത്ത സ്വര്‍ണ്ണങ്ങളും പണ്ടങ്ങളും മാത്തച്ചന്റെ കയ്യില്‍ ഉണ്ടെന്നു ജോണിക്കറിയാം. അവയോടെല്ലാം കൂടി മാത്തച്ചന്റെ സുന്ദരിയായ മകള്‍ സൂസിയും! ജോണി തന്റെ അനുചരന്മാരോടൊത്ത് അവിടെത്തന്നെ പറ്റിക്കൂടുവാന്‍ ശ്രമിച്ചു.
ജോണിയെക്കൊണ്ട് സൂസിയെ വിവാഹം കഴിപ്പിക്കുന്നതിനു് മാത്തച്ചന്‍ തയ്യാറായി. വിവാഹാലോചനയ്ക്ക് ജോണിയുടെ അപ്പനെ കാണുവാന്‍ മുതലാളി പുറപ്പെട്ടു. ആ അവസരത്തിലാണ് ജോണി തന്നെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ആയിരുന്നുവെന്ന് മാത്തച്ചനു മനസ്സിലായത്. അടക്കാനാവാത്ത കോപത്തോടെ മുതലാളി വീട്ടില്‍ മടങ്ങിയെത്തി. കൈത്തോക്കുമെടുത്ത് ജോണിയെ നേരിടുവാന്‍ അയാള്‍ തയ്യാറെടുത്തു.
ഇതിനകം പോലീസ് സംഘം സ്ഥലത്തെത്തി. അവര്‍ തൊണ്ടിസഹിതം മാത്തച്ചനെ പിടികൂടി. ചട്ടമ്പിക്കവലയില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ഭീകര സംഭവങ്ങള്‍ക്കും ഉത്തരവാദി മാത്തച്ചനാണെന്നുള്ള എല്ലാ തെളിവുകളുമായി ജോണി-സി.ഐ.ഡി. ഓഫീസര്‍ മിസ്റ്റര്‍ അയ്യരും വന്നെത്തി. വേലക്കാരിയായി മാത്തച്ചന്റെ വീട്ടില്‍ വന്ന ത്രേസ്യ അയ്യരുടെ സഹോദരി ആയിരുന്നു എന്നു വ്യക്തമാക്കപ്പെട്ടു. കവലയിലെ ചട്ടമ്പികളെ അമര്‍ച്ച ചെയ്യുവാനും തെളിയാതെ കിടന്ന പല കേസുകള്‍ക്കു് തെളിവുണ്ടാക്കുവാനും മിസ്റ്റര്‍ അയ്യര്‍ക്കു സാധിച്ചതോടെ ചട്ടമ്പിക്കവല അവസാനിച്ചു.