പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു.

പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് ചന്തേര എസ്.ഐ കെ.രാമചന്ദ്രന്‍, സീനിയര്‍ സി.പി.ഒ ഹരീഷ്‌കുമാര്‍, ഡ്രൈവര്‍ സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കുട്ടി കുടുങ്ങിയത്.

കെ.എല്‍-60 ക്യു-9524 സ്‌ക്കൂട്ടറുമായി മൂസഹാജി മുക്കില്‍ നിന്നും തോട്ടക്കര ഭാഗത്തേക്ക് ഓടിച്ചുവരികയായിരുന്നു.

സ്‌ക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

അരലക്ഷം രൂപയോളം കേസില്‍ പിഴയീടാക്കും.