കടയിന്‍ നിന്നും പട്ടാപ്പകല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 5000 രൂപ മോഷ്ടിച്ചു.
പരിയാരം: പട്ടാപ്പകല്‍ കടയില്‍ നിന്നും 5000 രൂപ കവര്‍ച്ച നടത്തിയ കുട്ടികളെ പോലീസ് തിരയുന്നു.
ഇന്ന് രാവിലെ 11.50 നാണ് പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെ.പി.എം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചുമടുതാങ്ങിയിലെ എന്‍.പി.റസാക്കിന്റെ സ്‌പോര്‍ട്ടെക്‌സ് എന്ന കടയില്‍ കവര്‍ച്ച നടന്നത്.
പാന്റ്‌സും കറുപ്പും നീലയും ടീഷര്‍ട്ടും ധരിച്ചെത്തിയ 2 പേരും വെള്ളയില്‍ കുത്തുകളുള്ള ഷര്‍ട്ട് ധരിച്ച 15 വയസില്‍ താഴെ പ്രായമുള്ള 3 കുട്ടികളാണ് മേശവലിപ്പില്‍ നിന്നും സമര്‍ത്ഥമായി 5000 രൂപ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടത്.
താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്ന കടയില്‍ കുട്ടികള്‍ എത്തുമ്പോള്‍ റസാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ക്രിക്കറ്റ് ബാറ്റ് അന്വേഷിച്ചെത്തിയ ഇവര്‍ മൂവരും റസാക്കിനോടൊപ്പം മുകള്‍നിലയില്‍ കയറി സാധനങ്ങള്‍ തിരഞ്ഞശേഷം പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് രണ്ടുപേര്‍ തിരികെവന്ന് വീണ്ടും മുകള്‍ നിലയിലെ സാധനങ്ങല്‍ പരിശോധിച്ചു.
ഈ സമയത്ത് മൂന്നാമന്‍ മേശവലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
മറ്റൊരാള്‍ക്ക് നല്‍കാനായി 5000 രൂപ റസാക്ക് എണ്ണി തിട്ടപ്പെടുത്തി മേശയില്‍ വെച്ചിരുന്നു.
ഇയാള്‍ വന്നപ്പോള്‍ പണമെടുക്കാന്‍ മേശ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സി.സി.ടി.വി പരിശോധിച്ചപ്പോല്‍ കുട്ടികളില്‍ ഒരാള്‍ മോഷണം നടത്തുന്ന ദൃശ്യം ലഭിച്ചു.
ഇത് ഉള്‍പ്പെടെ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പിലാത്തറയിലും പരിസരത്തുമുള്ള കുട്ടികളാണെന്നാണ് അനുമാനം. പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.