സി.പി ഭാസ്‌കരന്‍ അരങ്ങിന്റെ ഭാസ്‌കര ചരിതം-ജീവിതം പ്രതിരോധത്തിന്റെ നാടക പാഠം

കണ്ണൂര്‍: എണ്‍പത്തിനാലിലെത്തിയ സി.പി ഭാസ്‌കരന്‍ എന്ന നാടക പ്രവര്‍ത്തകന് നാടകം വെറുമൊരു നാട്യമല്ല, മറിച്ച് അത് അരങ്ങുണര്‍ത്തുന്ന പ്രതിരോധത്തിന്റെ പാഠങ്ങള്‍ കൂടിയാണ്.

സാമൂഹിക വ്യവസ്ഥിതികള്‍, അനീതി, സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സി.പി.ഭാസ്‌കരന്‍ അരങ്ങിലെത്തിച്ചു.

അതെല്ലാം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. സ്വയം ബോധത്തിന്റെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ കൂടിയാണ് നാടകാനുഭവത്തിലൂടെ സി.പി ഭാസ്‌കരന്‍ പ്രേക്ഷകരിലേക്ക് കൈമാറിയത്.

കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവുമധികം അമേച്വര്‍ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും തന്റേതായ ശൈലി പിന്തുടരുകയും ചെയ്ത നാടക പ്രവര്‍ത്തകനാണ് സി.പി ഭാസ്‌ക്കരന്‍ കൊയ്യം.

എഴുപതിലധികം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. നാടകത്തെ അറിയുക അഭിനയം പഠിക്കുക എന്ന പുസ്തകവും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്.

വ്യവസ്ഥിതികള്‍ ഉണ്ടാക്കിവച്ച സാമ്പത്തിക അസമത്വങ്ങള്‍ക്ക് നേരെയും മനുഷ്യ നിര്‍മ്മിതങ്ങളായ ജാതി മത ചിന്തകള്‍ക്കെതിരേയും വിരല്‍ ചൂണ്ടുന്ന നാടകങ്ങളാണ് സി.പിയുടേത്. ആരോടും സ്വാഭിപ്രായം തുറന്നുപറയാന്‍ മടികാണിക്കാത്ത ഈ കലാകാരന്‍ തന്റെ നാടകത്തിലും ഈ രീതി തന്നെ പകര്‍ത്തിയിരുന്നു.

ചെങ്ങളായി ജനനി ക്ലബിന്റെ സാഗരം ശാന്തം, ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റെ അഭിമന്യൂ, പടിയൂര്‍ റെഡ്സ്റ്റാര്‍ ക്ലബിന്റെ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ, കൊയ്യം കനിക സ്റ്റേജിന്റെ തച്ചോളി വീട്ടില്‍ അഗ്‌നിപുത്രി, കതിവന്നൂര്‍ വീരന്‍, തളിപ്പറമ്പ് കലാക്ഷേത്ര ത്തിന്റെ കാലം കാതോര്‍ത്തിരിക്കും, യാഗാഗ്‌നി, പാറക്കാടി പ്രതിഭയുടെ തീകൊള്ളി കൊണ്ട് തല ചൊറിയരുത്, കാത്തിരുന്ന രാത്രി, അശ്രുപൂജ, പെങ്ങള്‍, പാലാഴി തുടങ്ങി ഒട്ടേറെ പ്രശസ്തങ്ങളായ നാടകങ്ങള്‍ സി.പി.ഭാസ്‌ക്കരന്‍ മാഷിന്റേതാണ്.

1942ല്‍ കൊയ്യം ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹം മികച്ച അഭിനേതാവും പ്രാസംഗികനും നാടകകൃത്തും സംവിധാകയനുമാവുക യായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സ്റ്റഡീസ് ഇന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ എന്ന സ്ഥാപനത്തില്‍ ട്രാന്‍സലേറ്ററായി ജോലി ചെയ്തിട്ടുണ്ട്.

സുര ഭാരതി എന്ന കലാസാംസ്‌ക്കാരിക വാരികയുടെ പത്രാധിപരായും ശാസ്ത്രകലാവേദിയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1972മുതല്‍ കോഴിക്കോട്, കണ്ണൂര്‍ ആകാശവാണി നിലയങ്ങളിലെ 200ലധികം നാട കങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുമുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്ന സി.എന്‍ ജോസിന്റെ നിരവധി നാടകങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ഏഷ്യാ വന്‍കരയിലെ ഏറ്റവും വലിയ നാടക ട്രൂപ്പായ കലാനിലയത്തില്‍ മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കണ്ണൂര്‍ നടന കലാക്ഷേത്രത്തിലും ഏറെകാലം അഭിനയിച്ചിട്ടുണ്ട്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) പരിശീലകന്‍ കൂടിയായിരുന്നു.