പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണിന് സമീപത്തെ മണക്കാടി എന്ന സ്ഥലത്ത് വാട്ടര്‍പ്രൂഫിങ് ജോലിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ദുരന്തം ഒഴിവായി.
സുഷമ എന്നവരുടെ വീടിന്റെ ടെറസില്‍ ബര്‍ജര്‍ ഹോം ഷീല്‍ഡിന്റെ പ്രോ ഷീല്‍ഡ് ബിറ്റുമിനസ് വാട്ടര്‍പ്രൂഫിങ് ഷീറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.
ഉയര്‍ന്ന താപനിലയില്‍ ബിറ്റുമിനസ് ഷീറ്റ് ഉരുക്കി ഉറപ്പിക്കുന്നതിനായി സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
റെഗുലേറ്റര്‍ ഉപയോഗിക്കാതെയാണ് സാധാരണ വാല്‍വിലൂടെ ഏകദേശം നാല് മീറ്റര്‍ നീളമുള്ള റബ്ബര്‍ ട്യൂബ് കണക്ട് ചെയ്ത് അതിന്റെ അറ്റത്ത് നോസില്‍ ഘടിപ്പിച്ച് ഫയര്‍ ഫ്ളെയിം ഉപയോഗിച്ച് ജോലി നടത്തിയിരുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പ്രവര്‍ത്തനം നടന്നത്.
ജോലിക്കിടെ ഗ്യാസ് ലീക്കായി റബ്ബര്‍ ട്യൂബിന് തീപിടിക്കുകയും തീ സിലിണ്ടറിന് ചുറ്റും വ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് സിലിണ്ടര്‍ ചൂടാകുകയും അപകടാവസ്ഥ രൂപപ്പെടുകയും ചെയ്തു.
പരിഭ്രാന്തരായ തൊഴിലാളികള്‍ ടെറസില്‍ നിന്ന് താഴേക്ക് ഇറങ്ങിയോടി.
പയ്യന്നൂരില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കാനായി.
സംഭവത്തെ തുടര്‍ന്ന് പ്രസ്തുത ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ജോലികള്‍ നടത്തുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളും അംഗീകൃത സംവിധാനങ്ങളും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് അഗ്നിശമനസേന അറിയിച്ചു.