തെരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത സ്‌പെഷ്യല്‍ പോലീസിന് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം.

കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ച്ച ആവാറായിട്ടും ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം.

വിമുക്തഭടന്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എന്‍.സി.സി കേഡറ്റുകളും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ഡ്യൂട്ടി ചെയ്തത്.

ഒരു ദിവസത്തേക്ക് 1300 എന്ന കണക്കില്‍ 2600 രൂപയാണ് ഇവര്‍ക്ക് ലഭിക്കേണ്ടത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതിഫലം നല്‍കിയിരുന്നു.

എന്നാല്‍ ഇത്തവണ ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ വാങ്ങി പണം അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത്രയും ദിവസമായിട്ടും എണ്ണൂറോളം വരുന്ന സ്‌പെഷ്യല്‍ പോലീസുകാര്‍ക്ക് പ്രതിഫലം അക്കൗണ്ടില്‍ ലഭിച്ചിട്ടില്ല. ഡ്യൂട്ടി ചെയ്തവര്‍ പണം ലഭിച്ചില്ലെന്ന പരാതികളുമായി വിവിധ പോലീസ് സ്‌റ്റേഷനുകളിലെ റൈറ്റര്‍മാരെ സമീപിക്കുന്നത് തലവേദനയായിട്ടുണ്ട്.

ഇതിനാവശ്യമായ ഫണ്ട് ലഭിച്ചില്ലെന്നാണ് വിവരം.