മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന്‍(85)നിര്യാതനായി.
കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) നിര്യാതനായി.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ സി.പി.എം മാടായി ഏരിയാ കമ്മിറ്റിയംഗവും കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയകമ്മിറ്റി ഓഫീസിലെത്തിക്കും.
രാവിലെ 9.30 മുതല്‍ 11.30 വരെ എരിപുരം എ.കെ.ജി മന്ദിരത്തിലും തുടര്‍ന്ന് സി.പി.എം ഏഴോം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ രണ്ട് മണിവരെയും പൊതുദര്‍ശനത്തിന് വെക്കും.
വൈകുന്നേരം 3.30-ന് എഴോം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
വൈകീട്ട് നാലിന് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ഒ.വി നാരായണന്‍.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും കല്യാശേരി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭാര്യ: പി.എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്).
മക്കള്‍: മധു ( ദിനേശ് ഐ ടി കണ്ണൂര്‍), മഞ്ജുള, മല്ലിക.
മരുമക്കള്‍: ബ്രിഗേഡിയര്‍ ടി.വി. പ്രദീപ്കുമാര്‍(ചവനപ്പുഴ), കെ വി ഉണ്ണികൃഷ്ണന്‍ (മുംബൈ) സീനമധു (കണ്ണപുരം).
സഹോദരി ഒ.വി. ദേവി.