സമ്മാനമായി മുള്ളിലം തൈകളൊരുക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപര്‍ണ ചന്ദ്രന്‍-

കാസര്‍ഗോഡ്: കേരള വനം-വന്യ ജീവി വകുപ്പ് വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്ക് സമ്മാന മായി ഒരുക്കിയത് ‘മുള്ളിലം’ വൃക്ഷത്തെകള്‍.

കാസര്‍കോട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 150 ഓളം മുള്ളിലം തൈകളാണ് ഒരുക്കിയത്.

ചിത്രശലഭങ്ങളുടെ വംശനാശം തടയുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് റെയ്ഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപര്‍ണ ചന്ദ്രന്‍, വാച്ചര്‍ മഹേഷ് കമ്പല്ലൂര്‍ എന്നിവരാണ് മുള്ളിലം നഴ്‌സറി ഒരുക്കിയത്.

സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയുടെ ലാര്‍വയ്ക്ക് ഭക്ഷണമൊരുക്കുന്നത് മുള്ളിലത്തിന്റെ ഇലകളാണ്.

നാരകക്കാളി, കൃഷ്ണശലഭം, ചുട്ടിക്കറുപ്പന്‍, ചുട്ടിമയൂരി എന്നീ കിളിവാലന്‍ ശലഭങ്ങളുടെ ലാര്‍വകളും മുള്ളിലം ഭക്ഷണമാക്കുന്നുണ്ട്.

പ്രാദേശികമായി കുമിറ്റി എന്ന പേരിലും അറിയപ്പെടുന്ന ഇത് ഔഷധസസ്യം കൂടിയാണ്.

വൃക്ഷങ്ങള്‍ സംരക്ഷിച്ച് ആവാസവ്യവസ്ഥയെ നിലനിര്‍ത്താനുള്ള അവബോധമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ധനേഷ്‌കുമാര്‍ പറഞ്ഞു.