മോര്‍ച്ചറിയുടെ മരവിപ്പില്‍ നിന്ന് ജോണ്‍സണ്‍ മണ്ണിന്റെ നിത്യതയിലേക്ക്.

പരിയാരം: ഒരു മാസത്തോളം മോര്‍ച്ചറിയുടെ മരവിപ്പില്‍ കഴിഞ്ഞ ജോണ്‍സണ്‍ ഇനി മണ്ണില്‍ ലയിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗി രണ്ടു ദിവസം ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് മരണപ്പെട്ടത്.

കൂടെ ബൈസ്റ്റാന്റര്‍ ഇല്ലാതിരുന്ന ഇയാളുടെ പേര് ജോണ്‍സണ്‍(60) എന്ന് മാത്രമേ ആശുപത്രി രേഖകളില്‍ ഉള്ളൂ.

അനാഥ മൃതദേഹമെന്ന നിലയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് എറണാകുളം സ്വദേശിയാണെന്നും തലശ്ശേരിയില്‍ ജോലിയാവശ്യാര്‍ത്ഥം വന്നതാണെന്നും വ്യക്തമായത്.

തലശേരിയിലെ ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹം ജീവനക്കാരോട് ഇത് പറഞ്ഞതത്രേ. പരിയാരം മെഡിക്കല്‍ കോളേജിലെ സോഷ്യോളജി വിഭാഗം, പോലീസ്, മറ്റ് സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെവന്നപ്പോഴാണ് പരിയാരം സി.എച്ച്.സെന്റര്‍ കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നജ്മുദ്ദീന്‍ പിലാത്തറയോട് മൃതദേഹം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

മരിച്ചവരെ അവരുടെ മതാചാരപ്രകാരം സംസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധമുള്ള നജ്മുദ്ദീന്‍ സി.എച്ച്.സെന്റര്‍ ചെയര്‍മാര്‍ അഡ്വ.അബ്ദുള്‍കരീം ചേലേരി മുഖേന കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതലയുമായും ഫാ.ജോമോന്‍ ചെമ്പകശേരിയുമായും ബന്ധപ്പെട്ട് മൃതദേഹം പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ സംസ്‌ക്കരിക്കാന്‍ സമ്മതം വാങ്ങി.

പള്ളി വികാരി ഫാ.ലോറന്‍സ് പനക്കല്‍, സെക്രട്ടെറി ഷാജി എന്നിവരാണ് സംസ്‌ക്കാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്.

മൃതദേഹം അടക്കം ചെയ്യാനുള്ള ശവപ്പെട്ടി തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജ് സ്വന്തം ചെലവില്‍ എത്തിച്ചു നല്‍കി.

മറ്റെല്ലാ ചെലവുകളും സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ വഹിച്ചു. നജ്മുദ്ദീന് പുറമെ സി.എച്ച്.സെന്റര്‍ കല്യാശേരി മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള ഹാജി ഓണപ്പറമ്പ്, ഫായിസ് കുപ്പം, അമീര്‍ഹാജി തളിപ്പറമ്പ് എന്നിവര്‍ ശവസംസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.