ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി ജയിലിലടച്ചു
ഗ്രോ വാസു മോഡല്‍ പ്രതിഷേധം
തളിപ്പറമ്പ്: ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്.
2019 മാര്‍ച്ച് 29 ന് നഗരസഭാ കൗണ്‍സിലറായിരുന്ന പി.പ്രകാശനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് മര്‍ദ്ദിച്ചതായ പരാതിയിലാണ് കേസെടുത്തിരുന്നത്.
കേസിന്റെ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ ഇന്ന് രാവിലെയാണ് തോണിക്കുഴിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
രാഷ്ട്രീയവൈരാഗ്യം കാരണം തന്നെയും കുടുംബത്തേയും പീഡിപ്പിക്കുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയ ജോസ് നേരത്തെ പോലീസ് സ്റ്റേഷന് മുന്നിലും നഗരസഭാ ഓഫീസിലും കോണ്‍ഗ്രസ് ഓഫീസിന് മുന്നിലും സത്യാഗ്രഹസമരം നടത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്നെയും കുടുംബത്തേയും സി.പി.എമ്മുകാര്‍ പലവിധത്തില്‍ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതായാണ് ഇദ്ദേഹം ആരോപിക്കുന്നത്.
ഇന്നലെ കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരായിരുന്നുവെന്നും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിച്ചശേഷം ക്ഷീണം കാരണം ഉറങ്ങിപ്പോയെന്നുമാണ് ജോസ് പറയുന്നത്.
തെറ്റ് ചെയ്യാത്തതിനാല്‍ ജാമ്യമെടുക്കാനോ പിഴയടക്കാനോ താന്‍ തയ്യാറല്ലെന്ന് ജോസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ്
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച ജോസിനെ കോടതി റിമാന്‍ഡ് ചെയി്ത് ജയിലിലടച്ചത്.
മഹിളാ കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മ തോമസിന്റെ ഭര്‍ത്താവാണ് ഇദ്ദേഹം.