വെള്ളിക്കീലില്‍ ഗ്ലാസ് ബ്രിഡ്ജ്, കിലയില്‍ 60 കോടിയുടെ സ്‌റ്റേഡിയം, നാടുകാണിയില്‍ സഫാരി പാര്‍ക്ക്-ഹാപ്പിനസ് സ്‌ക്വയര്‍ തുറന്നു.

തളിപ്പറമ്പ്: വെള്ളിക്കീലില്‍ സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിമ്പത്തെ കില കേന്ദ്രത്തില്‍ 60 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം, നാടുകാണിയിലെ സഫാരിപാര്‍ക്ക് എന്നിവയുംയാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1910 ല്‍ നിര്‍മ്മിച്ച താലൂക്ക് ഓഫീസ് റവന്യൂ ടവര്‍ പൂര്‍ത്തിയാവുന്നതോടെ മ്യൂസിയമാക്കി മാറ്റുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു.

ടി.ഡി.എം.സി വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി നിര്‍വ്വഹിച്ചു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുല്‍ മജീദ്, മുന്‍ നഗരസഭാ ചെയര്‍േപഴ്‌സന്‍ പി.കെ.ശ്യാമള, കെ.എം.ലത്തീഫ്, പി.പി.മുഹമ്മദ്‌നിസാര്‍, അനില്‍ പുതിയ വീട്ടില്‍, പി.എന്‍.മധുസൂതനന്‍, കെ.വല്‍സന്‍ മാസ്റ്റര്‍, ഷെറി ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം കലാപരിപാടികളും അരങ്ങേറി.