25 കോല്‍ ആഴമുള്ള കിണറില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി തളിപ്പറമ്പ് അഗ്നിരക്ഷാസേന
തളിപ്പറമ്പ്: വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്‌നിശമനസേന രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ധര്‍മ്മശാല നിഫ്റ്റിനു സമീപം താമസിക്കുന്ന നാരായണന്‍ എന്നയാളുടെ കിണറില്‍ സുരഭി (27) എന്ന യുവതിയാണ് വീണത്.
അഗ്നിരക്ഷാസേന സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ യുവതി കയറില്‍ പിടിച്ച് തൂങ്ങി നില്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ലിഗേഷ് കിണറിലിറങ്ങി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കരക്ക് കയറ്റി രക്ഷപ്പെടുത്തി.
25 കോല്‍ താഴ്ചയുള്ള കിണറില്‍ ആറ് കോലോളം വെള്ളമുണ്ടായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.ബി.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ടി.വി. രജീഷ് കുമാര്‍, എസ്.ടി.അഭിനവ്, ഹോം ഗാര്‍ഡ് വി.ജയന്‍, എ.അനൂപ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.