പാലമുത്തപ്പന്‍ ജംഗ്ഷനില്‍ ഇനി ഹൈമാസ്റ്റ് ലാമ്പിന്റെ വെളിച്ചം, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

പുളിമ്പറമ്പ്: പാലമുത്തപ്പന്‍ കവലയില്‍ കെ.സുധാകരന്‍ എം.പിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലാമ്പ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ വി.വി.വാസന്തി അധ്യക്ഷത വഹിച്ചു.

സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്‍, പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രം ജന.സെക്രട്ടെറി കെ.രാമചന്ദ്രന്‍, പാലമുത്തപ്പന്‍ മടപ്പുര സെക്രട്ടറി കെ.വി.പ്രശാന്ത, കരിയില്‍ രമേശന്‍, കെ.മധുസൂതനന്‍ എന്നിവര്‍ പ്രസംഗിച്ചു.

കരിയില്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പാലമുത്തപ്പന്‍ കവലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഹൈമാസ്റ്റ് ലാമ്പ് അനുവദിക്കണമെന്ന വൈസ് ചെയര്‍മാന്‍ കല്ലിങ്കീലിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥന മാനിച്ചാണ് കെ.സുധാകരന്‍ എം.പി ഹൈമാസ്റ്റ് ലാമ്പ് അനുവദിച്ചത്.

3,40,000 രൂപയാണ് നിര്‍മ്മാണ ചെലവ്.

ഇത് കൂടാതെ തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.പിയുടെ ഫണ്ടില്‍ നിന്നും അഞ്ച് ഹൈമാസ്റ്റ് ലാമ്പുകള്‍ കൂടി അനുദിച്ചിട്ടുണ്ട്.

അതിന്റെ ഉദ്ഘാടനവും അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അറിയിച്ചു.