ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഹിന്ദു ഐക്യവേദി-നേതാക്കള്‍ പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു.

തലശേരി: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് രാജസ്ഥാന്‍കാരനായ പിഞ്ചുബാലനെ അതിക്രൂരമായി ചവിട്ടിത്തെറിപ്പിച്ച സംഭവം നാടിന് നാണക്കേടുണ്ടാക്കുന്നതും സര്‍ക്കാറിന്റെയും പോലീസിന്റെയും തുടക്കത്തിലുണ്ടായ നിഷ്‌ക്രിയത ആശങ്കയുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നത് ഉറപ്പ് വരുത്തുവാന്‍ സാധിക്കണം. സമ്പത്തിന്റെ ഹുങ്കില്‍ പാവപ്പെട്ടവരോട് കാട്ടുന്ന ക്രൂരതയാണിത്.

തൃശ്ശൂര്‍ ജില്ലയിലെ നിസാം സംഭവത്തിന് സമാനമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്.

അന്യസംസ്ഥാനക്കാരോട് വെറുപ്പുളവാക്കുന്ന തെറ്റായ രാഷ്ട്രീയ വാദങ്ങളും കേരളത്തിനെ കുറിച്ചുള്ള അനാവശ്യ പൊള്ളത്തരങ്ങളും ആണ് ഇത്തരം സംഭവങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്.

ആതിഥ്യമര്യാദയും സാംസ്‌കാരിക പെരുമയും പേറുന്ന നമ്മുടെ നാടിനേല്‍പിച്ച കളങ്കവുമാണ് ഈ സംഭവം.

ഉത്തരേന്ത്യക്കാരുള്‍പ്പടെയുള്ള അന്യസംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാറും പോലീസും ജാഗ്രത പാലിക്കണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് ഡോ:വി.എസ്.ഷേണായി, ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന പിഞ്ചുബാലനെ ഹിന്ദു ഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവരാണ് ആശുപത്രിയിലെത്തിയത്.

തലശ്ശേരി താലൂക്ക് പ്രസിഡന്റ് കെ.പി.ഹരിദാസ്, താലൂക്ക് ജനറല്‍ സെക്രട്ടറി എം.രജിത, ധര്‍മ്മടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.സിനോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.